Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവ് മോദിയെ പിടികൂടാൻ സിബിഐ ഇന്റർപോളിന്റെ സഹായം തേടി

Nirav Modi

ന്യൂഡൽഹി∙ ബാങ്ക് വായ്പത്തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദിയെ അറസ്റ്റ് ചെയ്യാൻ സിബിഐ, ഇന്റർപോളിന്റെ സഹായം തേടി. നീരവ് മോദിയുടെയും ബന്ധുവും വ്യാപാര പങ്കാളിയുമായ മെഹുൽ ചോക്സിയുടെയും പാസ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്തു. പഞ്ചാബ് നാഷണൽ ബാങ്ക് ഇന്നലെ ഒരു ജനറൽ മാനേജർ അടക്കം എട്ട് ഉദ്യോഗസ്ഥരെക്കൂടി സസ്പെൻഡ് ചെയ്തു.

നീരവിന്റെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളിൽ റെയ്ഡുകൾ തുടരുന്നു. നീരവ് മോദി എവിടെയാണെന്ന് അറിയില്ലെന്നു കേന്ദ്രസർക്കാർ പറയുമ്പോൾ ന്യൂയോർക്കിൽ മൻഹാറ്റനിലെ അപാർട്മെന്റിലുണ്ടെന്ന് ഇന്ത്യയിലെ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇന്നലെ നീരവുമായി ബന്ധപ്പെട്ട 26 ഇടങ്ങളിലാണു റെയ്ഡ് നടത്തിയത്. ചില ബാങ്കുകളിലെ വിരമിച്ചവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥരുടെ വീടുകളും റെയ്ഡ് ചെയ്തു.

പഞ്ചാബ് നാഷണൽ ബാങ്ക് രണ്ടാമതു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഗീതാഞ്ജലി ഗ്രൂപ്പിനെതിരെ ഒരു എഫ്ഐആർ കൂടി ഫയൽ ചെയ്തു. നീരവിനും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുൽ ചോക്സിക്കും ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നു കാണിച്ച് ഇഡി സമൻസ് അയച്ചിട്ടുണ്ട്. ഇതേസമയം, തട്ടിപ്പ് യുപിഎ ഭരണകാലത്തു നടന്നതാണെന്നും അതറിഞ്ഞിട്ടും നടപടിയൊന്നും കൈക്കൊണ്ടില്ലെന്നും ബിജെപിയും അതല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനു വിവരം ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നു കോൺഗ്രസും ആരോപിച്ചു.

നീരവ് ഉപയോഗിക്കുന്നത് ബൽജിയം പാസ്പോർട്ട് നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും പാസ്പോർട്ടുകൾ സസ്പെൻഡ് ചെയ്ത വിദേശകാര്യ മന്ത്രാലയം അവ റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അടുത്തകാലത്തായി നീരവ് ബൽജിയം പാസ്പോർട്ടാണ് ഉപയോഗിക്കുന്നത് എന്നാണു സൂചന. മാത്രമല്ല, ഏതാനും വർഷങ്ങളായി നീരവ് മോദി ഇന്ത്യയിലേക്കുള്ള വരവ് വളരെ കുറച്ചു. കൂടുതൽ സമയവും യുഎസിലാണു ചെലവഴിക്കുന്നത്.