Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐ സൗഹൃദം ‘ഓഖിയേക്കാൾ വലിയ ദുരന്തമോ’?; സിപിഎം സമ്മേളനം നിർണായകം

CPM Flag

തിരുവനന്തപുരം∙ ഉലഞ്ഞിരിക്കുന്ന സിപിഎം–സിപിഐ ബന്ധം കൂടുതൽ അപകടത്തിലാകുമോയെന്നു വ്യക്തമാക്കുന്നതാകും 22നു തൃശൂരിൽ കൊടിയേറുന്ന സിപിഎം സംസ്ഥാന സമ്മേളനം. ‘സിപിഐയെ കൂടെ കൊണ്ടുനടക്കുന്നത് ഓഖിയേക്കാൾ വലിയ ദുരന്തം!’ – സിപിഎമ്മിന്റെ എറണാകുളം ജില്ലാ സമ്മേളനത്തിലുയർന്ന ഈ മുന്നറിയിപ്പ് ഇടതുമുന്നണിയെത്തന്നെ ഞെട്ടിക്കുന്നതാണ്.

ജില്ലാ സമ്മേളനങ്ങളിലുയർന്ന വിമർശനങ്ങൾ യാദൃച്ഛികമല്ലെങ്കിൽ സംസ്ഥാന സമ്മേളനവും വ്യത്യസ്തമാകാനിടയില്ല. സിപിഐയെ തള്ളിയും കെ.എം.മാണിയെ കൂടെ കൂട്ടണമെന്ന വികാരം സിപിഎമ്മിന്റെ ഒരു വിഭാഗം നേതാക്കളിൽ ശക്തമാകുന്ന പശ്ചാത്തലവും അടിയൊഴുക്കായുണ്ട്. മുന്നണി ബന്ധങ്ങളുടെ ഉരകല്ലായി മാറാം തൃശൂർ സമ്മേളനം.

ആക്ഷേപം ജില്ല തോറും

സിപിഎം ജില്ലാസമ്മേളന റിപ്പോർട്ടുകളിലും ചർച്ചകളിലും സിപിഐക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. റിപ്പോർട്ടുകളിലെ ചില ആക്ഷേപങ്ങൾ ഇങ്ങനെ:

തിരുവനന്തപുരം: ജില്ലയിൽ സിപിഐ വലിയ അണികളുള്ള പാ‍ർട്ടിയല്ല. മാധ്യമങ്ങളുടെ സഹായത്തോടെ വിവാദങ്ങളുണ്ടാക്കി അതിൽനിന്ന് ഊർജം കണ്ടെത്തി മുന്നോട്ടുപോകുന്ന അവസ്ഥയാണ് സിപിഐക്കുള്ളത്. ജില്ലയിലെ ഒട്ടേറെ സിപിഐ സഖാക്കൾ സിപിഎമ്മിലേക്കു വരാൻ തയാറാണ്.

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങൾ വഷളാക്കുന്നതു സിപിഐ ജില്ലാ നേതൃത്വമാണ്. എണ്ണത്തിൽ കുറവായ സിപിഐ നേതാക്കൾ പയുന്നതുകേട്ടു മൗനം പാലിക്കുന്നതിനു പകരം ചുട്ടമറുപടി നൽകാൻ സിപിഎം നേതൃത്വം തയാറാകണം. ജോയ്സ് ജോർജ് എംപിയുടെ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയിൽ സിപിഐ വലിയ പങ്കുവഹിച്ചതായി സംശയിക്കണം. ആവശ്യമില്ലാത്ത വിമർശനം ഉന്നയിച്ചു സിപിഎം പ്രവർത്തകരെ അടർത്തിയെടുക്കാൻ സിപിഐ നേതൃത്വം ശ്രമിക്കുന്നു.

കോട്ടയം: ജില്ലയിൽ നാലാംസ്ഥാനത്തു നിന്ന സിപിഐ ജനകീയാടിത്തറ നഷ്ടപ്പെട്ടു ബിജെപിക്കു പിന്നിൽ അഞ്ചാം സ്ഥാനത്തേക്കു പോയി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജില്ലയായിട്ടും സിപിഎെ ജില്ലയിൽ തകരുകയാണ്. ഗാന്ധിയൻ ചമഞ്ഞ് എല്ലാത്തിനും സിപിഎമ്മിനെ വിമർശിച്ച് പ്രതിക്കൂട്ടിൽ നിർത്തുന്നത് ഇനി വച്ചുപൊറുപ്പിക്കരുത്. റി

പ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജില്ലാ സമ്മേളന ചർച്ചകളിലും സിപിഐക്കെതിരെ രൂക്ഷവിമർശനമുയർന്നു. മുന്നണിയെ അലങ്കോലപ്പെടുത്തുന്ന സിപിഐയോടു സംയമനം കാണിക്കാതെ അവരെ തുറന്നുകാട്ടണമെന്നാണു തിരുവനന്തപുരത്ത് ആവശ്യം ഉയർന്നത്. സിപിഐയെ കയറൂരിവിടുന്നത് ആപത്താണെന്നാണു കൊല്ലത്തെ മുന്നറിയിപ്പ്.

ഇടതുപക്ഷ ഐക്യത്തിനു പകരം സ്വയംവളരാനും മേനി നടിക്കാനുമാണു സിപിഐ ശ്രമിക്കുന്നതെന്ന് ആലപ്പുഴയിലെ ആക്ഷേപം. കാനത്തിന്റെ മുഖ്യമന്ത്രി മോഹമാണ് എല്ലാത്തിനും പിന്നിലെന്നു പത്തനംതിട്ട പറയുന്നു. സിപിഐയുടെ കോൺഗ്രസ് പ്രേമം തുറന്നുകാട്ടണമെന്നതാണു കണ്ണൂരിലെ ആവശ്യം.

വിമർശനം ആസൂത്രിതം

സിപിഐക്കെതിരായ വിമർശനങ്ങൾ സിപിഎം ജില്ലാ സമ്മേളനങ്ങളിൽ പുതുമയല്ലെങ്കിലും ഇത്തവണ കൂടുതൽ ആസൂത്രിതമായിരുന്നുവെന്നതാണു വ്യത്യാസം. അക്കാര്യത്തിൽ സമ്മേളന പ്രതിനിധികളും പലപ്പോഴും ജില്ലകൾ പരസ്പരവും മത്സരിക്കുന്ന നില സ്വീകരിച്ചു. നേതൃത്വത്തിന്റെ മനസ്സറിഞ്ഞുള്ള നീക്കമെന്നാണ് ഇതിനെ സിപിഎം കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്നത്.

ചർച്ചകൾക്കു മറുപടി നൽകിയ പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ ഇതിനെ ശാസിച്ചില്ല. അതേസമയം സിപിഐയെ തള്ളിപ്പറയാതിരിക്കാനുള്ള ജാഗ്രത കാട്ടി. ഇരുപാർട്ടികൾ തമ്മിലെ ബന്ധങ്ങൾ പാളാനിടയായ പ്രശ്നങ്ങൾ സംസ്ഥാന സമ്മേളന റിപ്പോർട്ടിലും ഇടംപിടിച്ചിട്ടുണ്ടെന്നാണു വിവരം. എങ്കിൽ ജില്ലാ സമ്മേളനങ്ങളിലെ തീക്കാറ്റ് സംസ്ഥാന സമ്മേളനത്തിലേക്കും പടരാം.

ഇടുക്കിയിൽ മുന്നണി ബന്ധം തന്നെ അവതാളത്തിൽ

ഭൂപ്രശ്നങ്ങളും നേതാക്കൾ തമ്മിലെ തർക്കങ്ങളും മൂലം ഇടുക്കിയിൽ സിപിഎം–സിപിഐ മുന്നണിബന്ധം കടലാസിൽ മാത്രമാണ്. പരസ്പരം ആക്ഷേപിക്കാൻ കിട്ടുന്ന ഒരവസരവും ഇവിടത്തെ സിപിഎം–സിപിഐ നേതാക്കൾ പാഴാക്കാറില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ സിപിഐ ശ്രമിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ എം.എം.മണി പരസ്യമായാണ് ആരോപിച്ചത്.

സിപിഎം ജില്ലാസമ്മേളനത്തിന്റെ സമാപനത്തിൽ മണി നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ: ‘ചിലർ വോട്ടുചെയ്‌തെങ്കിലും സിപിഐയിലെ ഒരുവിഭാഗം തോൽപിക്കാൻ നോക്കി. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമൻ നേരിട്ടു ചോദിച്ചാൽ ആരൊക്കെയെന്നു പറയാം. സിപിഐയിലെ കുറച്ചുപേർ കോൺഗ്രസിനാണ് വോട്ടു ചെയ്തത്.

സിപിഐയ്ക്ക് 500 വോട്ടു പോലുമില്ലാത്ത മണ്ഡലങ്ങളിൽ അവരുടെ സ്ഥാനാർഥികൾ ജയിച്ചിട്ടുണ്ട്. 24 പേരെ നിർത്തിയതിൽ 19 പേരെ സിപിഎം ജയിപ്പിച്ചു. എന്റെ അപ്പൻ കണ്ട വോട്ടുകളല്ല, മുന്നണിയുടെ വോട്ടുകളാണു ലഭിച്ചത്. സിപിഐക്കു സഹിക്കാൻ വയ്യെങ്കിൽ യുക്തമായ നിലപാടെടുക്കുകയാണു വേണ്ടത്. അവരുടേതായ നിലയിൽ പോകുന്നതിൽ എതിർപ്പില്ല’.