Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎൻബി തട്ടിപ്പിൽ മൂന്നു പേർ അറസ്റ്റിൽ; ബിജെപി വാദം പൊളിച്ച് സിബിഐ

Punjab National Bank

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിനെ കബളിപ്പിച്ചു വജ്രവ്യാപാരി നീരവ് മോദി 11,300 കോടിയുടെ തട്ടിപ്പു നടത്തിയ കേസിൽ ബാങ്കിലെ മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. മുൻ ഡപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടി, ഏകജാലക ഓപ്പറേറ്റർ മനോജ് കാരാട്ട്, നീരവ് മോദിയുടെ ഉദ്യോഗസ്ഥൻ ഹേമന്ത് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും ഇന്നു മുംബൈ സിബിഐ കോടതിയിൽ ഹാജരാക്കും.

അതേസമയം, 2017 – 2018 കാലത്താണു തട്ടിപ്പു നടന്നതെന്നു സിബിഐ ചൂണ്ടിക്കാട്ടി. കേസിൽ സിബിഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2011ൽ യുപിഎ സർക്കാരിന്റെ കാലത്താണ് അഴിമതി നടന്നതെന്നു ബിജെപി നേതാക്കളും വക്താക്കളും നിരന്തരം ആരോപിക്കുന്നതിനിടെയാണു സിബിഐയുടെ എഫ്ഐആർ പുറത്തുവന്നത്. 2011ൽ അഴിമതിക്കു തുടക്കം കുറിച്ചിരുന്നെങ്കിൽ അതിന്റെ വ്യാപ്തി 11,300 കോടിക്കും മുകളിൽ ആയിരുന്നേനെയെന്നും സിബിഐ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യപ്പെട്ട നാലു ബാങ്കുദ്യോഗസ്ഥരും ഇക്കാലയളവിൽ ജോലി ചെയ്തവരാണ്. മനോജ് കാരാട്ട്, ഗോകുൽനാഥ് ഷെട്ടി എന്നിവരുടെ പേരുകൾ എഫ്ഐആറിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഗോകുൽനാഥ് ഒളിവിൽ പോയിരുന്നു. ഗോകുൽനാഥിന്റെ വീട്ടിൽ പരിശോധന നടത്തിയ സിബിഐ ഭാര്യയെയും സഹോദരനെയും ചോദ്യം ചെയ്തു.

പിഎൻബി അഴിമതിയിൽ രണ്ട് എഫ്ഐആറുകളാണ് സിബിഐ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. മെഹുൽ ചോക്സി, ഗീതാഞ്ജലി ഗ്രൂപ്പ് കമ്പനികൾ, മറ്റു കമ്പനി ഡയറക്ടർമാർ എന്നിവരുടെ വീടുകളിലും ഫാക്ടറികൾ, പ്ലാന്റുകൾ, ഓഫിസുകൾ എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലായി ആറു നഗരങ്ങളിലായിരുന്നു പരിശോധന. മെഹുൽ ചോക്സിക്കും ഗീതാഞ്ജലി ജെംസ് ലിമിറ്റ‍ഡ്, ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാൻഡ്സ് ലിമിറ്റഡ് തുടങ്ങിയ അദ്ദേഹത്തിന്റെ മൂന്നു കമ്പനികൾക്കുമെതിരെ എഫ്ഐആറിൽ പരാമർശങ്ങളുണ്ട്.

ഈമാസം 13 പിഎൻബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പുതിയ എഫ്ഐആർ പ്രകാരം 4886.72 കോടിയുടെ നഷ്ടമാണ് കാണിക്കുന്നത്. 11,300 കോടിയിലെ ബാക്കിതുകയുടെ നഷ്ടം സംബന്ധിച്ച എഫ്ഐആർ ജനുവരി 31ന് റജിസ്റ്റർ ചെയ്തിരുന്നു. പുതിയ എഫ്ഐആറിൽ 143 ലെറ്റർ ഓഫ് അണ്ടർടേക്കിങ് (എൽഒയു) ഉപയോഗിച്ച് ചോക്സി തട്ടിച്ച 3031 കോടിയുടെ തട്ടിപ്പിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. വിദേശബാങ്കുകളിൽനിന്ന് പിഎൻബിയിലെ തുക കാണിച്ച് ഈടാക്കിയ 1798 കോടി രൂപയുടെ വിവരങ്ങളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

ഈമാസം മൂന്നിനും നാലിനും നീരവ് മോദി, ആമി മോദി, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലടക്കം 21 വ്യത്യസ്ത സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിൽ കോടിക്കണക്കിനു രൂപ മൂല്യമുള്ള വജ്രാഭരണങ്ങളാണു കണ്ടെടുത്തത്. ഇതിനുപുറമെ വിവിധ രേഖകളും പിടിച്ചെടുത്തിരുന്നു. ബാങ്കിൽ നടന്ന 11,300 കോടി രൂപയുടെയും തട്ടിപ്പിൽ രണ്ടു ഉദ്യോഗസ്ഥരെ മാത്രമാണ് എഫ്ഐആറിൽ വിമർശിക്കുന്നത്. രണ്ടു പേരാണ് തട്ടിപ്പിനുള്ള എല്ലാ ഒത്താശയും ചെയ്തതെന്ന് അവർ പറയുന്നു.