Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവിനെതിരെ അന്വേഷണം ശക്തമാക്കി; മോദിയുടെ അടുത്തയാളെന്ന് കോൺഗ്രസ്

Kapil-Sibal

ന്യൂഡൽഹി∙ പഞ്ചാബ് നാഷനല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ്. തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ആളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ ആരോപിച്ചു. 2017ല്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഒാഫിസിനും ധനമന്ത്രാലയത്തിനും വിവരം ലഭിച്ചിരുന്നെന്നും കപില്‍ സിബല്‍ പറഞ്ഞു. യുപിഎ ഭരണകാലത്താണു തട്ടിപ്പു നടന്നതെന്നായിരുന്നു ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും വാദം.

അതിനിടെ, കേന്ദ്രധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശാല അന്വേഷണ സംഘത്തിനു കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. അമേരിക്കയിലുള്ള നീരവിനെ നാട്ടിലെത്തിക്കാനായി നയതന്ത്രതലത്തിലും സമ്മര്‍ദ്ദം ശക്തമാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. നീരവിന്‍റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുമായി വന്‍ ഇടപാട് നടത്തിയവരെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ, പിഎന്‍ബി സാമ്പത്തിക തട്ടിപ്പില്‍ നടപടിയുമായി കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ രംഗത്തെത്തി. ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടും. മറ്റന്നാള്‍ ഹാജരാകാന്‍ ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ബാങ്ക് മേലുദ്യോഗസ്ഥര്‍ക്കും കമ്മിഷൻ നോട്ടിസ് നല്‍കി. അതേസമയം, തട്ടിപ്പിനുശേഷം രാജ്യംവിട്ട നീരവ് മോദി ബിജെപിയുടെ പങ്കാളിയാണെന്ന് ശിവസേന ആരോപിച്ചു.