Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനിൽ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന സംഭവം; പ്രതിക്കു നാല് വധശിക്ഷ

Child Abuse Representative Image

ലഹോർ∙ പാക്കിസ്ഥാനിൽ നാലു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ പ്രതിക്ക് നാലു വധശിക്ഷ. രാജ്യം മുഴുവൻ‌ ചർച്ചയായ സംഭവത്തെത്തുടർന്ന് പെൺകുട്ടിയുടെ ജില്ലയില്‍ പ്രതിഷേധം കലാപമായി മാറിയിരുന്നു. പാക്കിസ്ഥാനിലെ കിഴക്കന്‍ നഗരമായ കസൂരിൽ സൈനബ് ഫാത്തിമ അമീൻ എന്ന പെൺകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിലാണ് പ്രതി ഇമ്രാൻ അലിക്ക് വധശിക്ഷ ലഭിച്ചത്.

പഞ്ചാബ് നഗരത്തിൽ ഏഴോളം കുട്ടികളെക്കൂടി ഉപദ്രവിച്ചതായും ഇതില്‍ അഞ്ചു പേരെ കൊന്നതായും പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. മാനഭംഗം, കൊലപാതകം, ഭീകരവാദം എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പാക്കിസ്ഥാനിലെ നിയമമനുസരിച്ച് സമൂഹത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് ഭീകരവാദമായി കണക്കാക്കുന്നതിനാലാണ് പ്രതിക്കെതിരെ ഈ കുറ്റവും ചുമത്തിയിട്ടുള്ളത്. ഇരകളുടെ മൃതദേഹം ഒളിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്കു 32 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

സുരക്ഷാ ഭീഷണികളുണ്ടായിരുന്നതിനാൽ ലാഹോറിലെ കോട് ലക്പാട്ട് ജയിലിലാണ് വിചാരണ നടന്നത്. ഇരകളുടെ ബന്ധുക്കളെ മാത്രമാണ് വിചാരണ നടന്ന സ്ഥലത്തേക്കു കടത്തിവിട്ടത്. പ്രതിക്ക് ജനമധ്യത്തിൽ ശിക്ഷ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട സൈനബിന്റെ അമ്മ നുസ്രത്ത് ബീവി ആവശ്യപ്പെട്ടു.