Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനങ്ങളെ വലച്ച് ബസ് സമരം; ചർച്ചയ്ക്കു സമയം തീരുമാനിക്കാതെ സർക്കാർ

KSRTC എറണാകുളം ഹൈക്കോടതി ജംക്‌ഷനിൽ കെഎസ്ആർടിസി ബസിൽ കയറാൻ അനുഭവപ്പെട്ട തിരക്ക്. ചിത്രം: ഇ.വി.ശ്രീകുമാർ

തിരുവനന്തപുരം∙ ജനങ്ങളെ വലച്ചു രണ്ടാംദിവസവും സ്വകാര്യ ബസ് സമരം. വടക്കന്‍ മേഖലയെയാണു സമരം കൂടുതല്‍ ബാധിച്ചത്. ഗ്രാമീണ മേഖലകള്‍ സ്തംഭിച്ചു. ഇടുക്കിയുടെയും വടക്കന്‍ കേരളത്തിന്റെയും മലയോര മേഖലകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരും വിദ്യാര്‍ഥികളുമാണു സമരത്തിൽ ഏറെ പ്രയാസപ്പെടുന്നത്.

സ്വകാര്യ ബസ് സമരത്തിൽ നാടു വലഞ്ഞു; നെട്ടോട്ടമോടി ജനം– ചിത്രങ്ങൾ ...

യാത്രാക്ലേശം കുറയ്ക്കാൻ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. സർവീസുകൾ അപര്യാപ്തമാണെന്നും കൂടുതൽ കെഎസ്ആർടിസി ബസുകൾ നിരത്തിലിറക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ചിലയിടങ്ങളില്‍ സ്വകാര്യവാഹനങ്ങളുടെ സൗജന്യസേവനം ആശ്വാസമാണ്. ചാര്‍ജ് വര്‍ധനയില്‍ നിലപാടു മയപ്പെടുത്തിയ ബസ് ഉടമകള്‍ വിദ്യാര്‍ഥികള്‍ക്കു മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണമെന്നതിൽ ഉറച്ചുനില്‍ക്കുകയാണ്. 19 മുതല്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം തുടങ്ങാനും ബസ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.

ആവശ്യങ്ങളുമായി സര്‍ക്കാരിനെ വീണ്ടും സമീപിക്കുമെന്ന് ഉടമകള്‍ അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും സമയം തീരുമാനിച്ചിട്ടില്ല. സ്വകാര്യ ബസ് ഉടമകളോട് ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്നാണു സർക്കാരിന്റെ നിലപാട്. ചർച്ചയ്ക്കു തയാറാണെങ്കിലും നിരക്ക് ഇനിയും വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു കൂടിക്കാഴ്ചയ്ക്കെത്തിയ ബസ് ഓപ്പറേറ്റേഴ്സ് ഫോറം ഭാരവാഹികളോടു മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.

ഏഴു രൂപയിൽ നിന്നു എട്ടു രൂപയാക്കി വർധിപ്പിച്ച മിനിമം നിരക്ക് 10 രൂപയാക്കുക, വിദ്യാർഥികളുടെ സൗജന്യനിരക്ക് അഞ്ചു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകൾ സമരം തുടങ്ങിയത്. ഏകദേശം 13,000 സ്വകാര്യ ബസുകളാണു നിരത്തിൽനിന്നു വിട്ടുനിൽക്കുന്നത്.

അതേസമയം, കെഎസ്ആർടിസി ഇന്നലെ 219 പ്രത്യേക ബസുകൾ ഓടിച്ചു. സ്വകാര്യ ബസുകൾ ഏറെയുള്ള പ്രദേശങ്ങളിലേക്കു മറ്റു പാതകളിലെ ബസുകൾ മാറ്റിവിട്ടു. 1400 ട്രിപ്പുകൾ ഇങ്ങനെ സർവീസ് നടത്തി. ആകെ 5542 ഷെഡ്യൂളുകൾ നിരത്തിലിറങ്ങി. യാത്രാക്ലേശം ഉണ്ടാകാൻ സാധ്യതയുള്ള മേഖലകൾ കണ്ടെത്താനും ബസുകൾ ഓടിക്കാനും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

related stories