Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ സ്ഥിരീകരിച്ച് എഫ്ബിഐ

putin trump clinton

ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായെന്ന് എഫ്ബിഐ.  13 റഷ്യന്‍ പൗരന്‍മാര്‍ക്കും മൂന്നു റഷ്യൻ കമ്പനികൾക്കുമെതിരെ  എഫ്ബിഐ മുന്‍ ഡയറക്ടര്‍ റോബര്‍ട് മ്യൂളറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.  ഗൂഢാലോചന, ആള്‍മാറാട്ടം തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് 37 പേജുള്ള കുറ്റപത്രത്തില്‍ ഉള്ളത്.

തിരഞ്ഞെടുപ്പ് നടന്ന മാസങ്ങളില്‍ 1.25 ദശലക്ഷം‌ ഡോള‍ര്‍ ഓരോ മാസവും റഷ്യ അമേരിക്കയില്‍ ചെലവഴിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി (ഐആർഎ) – ട്രോൾ ഫാം – അടക്കം മൂന്ന് റഷ്യന്‍ കമ്പനികളും അട്ടിമറിയില്‍ പങ്കാളികളായെന്നാണ് റിപ്പോർട്ട്. അതേസമയം, ട്രംപിന്റെ അനുയായികളുമായി റഷ്യൻ കേന്ദ്രങ്ങൾ നേരിട്ട് ഇടപെടൽ നടത്തിയതായി സൂചനകളില്ല. വ്യത്യസ്ത കമ്പനികൾ രൂപീകരിച്ച് റഷ്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐആർഎ നൂറുകണക്കിനു പേരെ നിയോഗിച്ചാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഇടപെടൽ ശക്തമാക്കിയതെന്നാണ് റിപ്പോർട്ട്. 

2014 ൽ ഒരു ‘പരിഭാഷാ പ്രോജക്റ്റ്’ എന്ന മറവിൽ യുഎസ് ജനതയെക്കുറിച്ച് ഐആർഎ വിശദമായ പഠനം നടത്തി. 2016 ജൂലൈയിൽ ഈ പ്രോജക്റ്റിൽ എൺപതോളം ജീവനക്കാരെ നിയോഗിച്ചു. റഷ്യയുമായാണ് ഇടപെടൽ എന്ന സൂചന പോലും നൽകാതെ യുഎസ് ജീവനക്കാരെ പോലും ശമ്പളത്തിനു നിയോഗിച്ച് റഷ്യ രാഷ്ട്രീയ പ്രചാരണങ്ങളും ജാഥകളും സംഘടിപ്പിച്ചതായും റിപ്പോർട്ട് വിശദീകരിക്കുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ച ട്രംപിന് അനുകൂലിച്ചും എതിർത്തും പ്രകടനം സംഘടിപ്പിച്ച് ഇടപെടലിലെ രഹസ്യാത്മകത ഉറപ്പിക്കാൻ റഷ്യയ്ക്കായി. ന്യൂയോർക്കിൽ ഒരേ ദിവസം ഇത്തരത്തിൽ അനുകൂല–പ്രതിഷേധ റാലികൾ സംഘടിപ്പിച്ചതിന്റെ തെളിവുകളും റിപ്പോർട്ടിലുണ്ട്.

റഷ്യന്‍ പൗരന്‍മാര്‍ ആള്‍മാറാട്ടം നടത്തി സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾക്കായി  അമേരിക്കയില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി,  തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് പരസ്യങ്ങള്‍ക്കായി വന്‍ തുക ചെലവഴിച്ചു, അമേരിക്കയില്‍ ജനങ്ങളെ കൂട്ടി തിരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിച്ചു, ട്രംപിനെതിരെ രംഗത്തുണ്ടായിരുന്ന ഡമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്റനെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള സന്ദേശങ്ങള്‍  പ്രചരിപ്പിച്ചു, സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണങ്ങള്‍ നടത്തി തുടങ്ങി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ കൂട്ടുനിന്നതിന്റെ നിര്‍ണായക തെളിവുകളടങ്ങിയതാണ് മ്യൂളര്‍ കമ്മിഷന്‍ നല്‍കിയ കുറ്റപത്രം.

ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിൽ നൂറുകണക്കിന് അക്കൗണ്ടുകൾ വ്യാജമായി ആരംഭിച്ചാണ് റഷ്യൻ സംഘം തിരഞ്ഞെടുപ്പിൽ പ്രചാരണ ഇടപെടൽ നടത്തിയത്. ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകൾ പിടിക്കപ്പെടാതിരിക്കാൻ യുഎസിൽ തന്നെയുളള കംപ്യൂട്ടർ സെർവറുകളിൽ ഇടം വാങ്ങി വെർച്വൽ പ്രൈവറ്റ് ശൃംഖലകൾ രൂപീകരിച്ചു. ഇന്റർനെറ്റിൽ നാം കാണുന്ന വ്യക്തികളും വിവരങ്ങളും പലപ്പോഴും വ്യാജനിർമിതിയാകാമെന്നതാണ് ഇത് തെളിയിക്കുന്നതെന്ന് ഡപ്യൂട്ടി അറ്റോർണി ജനറൽ റോഡ് ജെ. റോസെൻസ്റ്റൈൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാകും വിധം വർണവെറി പൂണ്ട സന്ദേശങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ റഷ്യൻ സംഘം പ്രചരിപ്പിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. 2016 നവംബറിൽ ‘യുണൈറ്റഡ് മുസ്‌ലിംസ് ഓഫ് അമേരിക്ക’ എന്ന വ്യാജപേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ആരംഭിച്ച സംഘം അമേരിക്കയിലെ മുസ്‌ലിങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നുവെന്ന സന്ദേശം വ്യാപകമായി പരത്തിയതായും റിപ്പോർട്ടിലുണ്ട്.

2014 ല്‍ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ യുഎസ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റഷ്യ തുടങ്ങിയിരുന്നു എന്ന് പറഞ്ഞ ട്രംപ് താനും തന്റെ പാര്‍ട്ടിയും തെറ്റ് ചെയ്തിട്ടില്ലെന്ന് ട്വീറ്റ് ചെയ്തു. ഡോണള്‍ഡ് ട്രംപിനെ അമേരിക്കന്‍ പ്രസിഡന്‍റ് ആക്കിയത് വ്ലാഡിമിര്‍ പുടിനാണോ? ഹിലറി ക്ലിന്‍റനെ പരാജയപ്പെടുത്തണമെന്ന് റഷ്യ ആഗ്രഹിച്ചത് എന്തിന്? തുടങ്ങി അമേരിക്കന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് ട്രംപിന്റെ ഭാവിയെ പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള കുറ്റപത്രം എഫ്ബിഐ സമർപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.