Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

130 കോടി പൗരൻമാരുള്ള രാജ്യത്തിന് വീറ്റോ അധികാരമില്ലാത്തതെന്ത്?: ഹസൻ റൂഹാനി

Rouhani-modi ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം. (മോദി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

ന്യൂഡൽഹി∙ യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായി ശ്രമിക്കുന്ന ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി രംഗത്ത്. 130 കോടിയിലേറെ പൗരൻമാരുള്ള രാജ്യത്തിന് വീറ്റോ അധികാരമില്ലാത്തത് എന്തടിസ്ഥാനത്തിലാണെന്ന് റൂഹാനി ചോദിച്ചു. കൈവശം അണുബോംബ് ഉള്ളവർക്കാണ് വീറ്റോ അധികാരമുള്ളതെന്നും റൂഹാനി പരിഹസിച്ചു. യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾക്കാണ് വീറ്റോ അധികാരമുള്ളത്.

2013ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ആദ്യ ഇന്ത്യാസന്ദർശനത്തിലാണ് യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനുള്ള ശ്രമങ്ങളെ റൂഹാനി പിന്തുണച്ചത്. മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ ഇറാൻ പ്രസിഡന്റ് രണ്ടു ദിവസം ഹൈദരാബാദിൽ ചെലവഴിച്ച ശേഷം ശനിയാഴ്ച ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സുരക്ഷ, പ്രതിരോധം, വ്യാപാരം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയുമായി 13 കരാറുകളും ഒപ്പിട്ടു.

ഇറാനുമായുള്ള ആണവകരാറിൽനിന്ന് പിൻമാറാനുള്ള യുഎസിന്റെ നീക്കത്തെയും റൂഹാനി വിമർശിച്ചു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഒപ്പുവച്ച ആണവ കരാർ അനുസരിച്ചാണ് ഇറാൻ ഇപ്പോഴും മുന്നോട്ടു പോകുന്നതെന്ന് റൂഹാനി വ്യക്തമാക്കി. അവസാന ശ്വാസം വരെ കരാർ വ്യവസ്ഥകൾ പാലിച്ചുതന്നെ മുന്നോട്ടുപോകുമെന്നു പ്രഖ്യാപിച്ച റൂഹാനി, കരാർ ലംഘിച്ചാൽ യുഎസ് ഖേദിക്കേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി.

ആണവ കരാർ റദ്ദാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു മുന്നോടിയായി കരാറുമായി ബന്ധപ്പെട്ടുള്ള ഉറപ്പുകളിൽനിന്നു പിന്മാറുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റൂഹാനിയുടെ മുന്നറിയിപ്പ്.

നാലു വർഷം മുൻപ് അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനിയും തമ്മിൽ ഫോണിൽ സംസാരിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമാകാൻ വഴിതെളിച്ചത്. തുടർന്ന് 2015ൽ ആണവ പദ്ധതികൾ കുറയ്ക്കാൻ ഇറാൻ സമ്മതിച്ചു. തൊട്ടടുത്ത വര്‍ഷം ഇറാനെതിരായ ഉപരോധങ്ങളും നീക്കി. യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യൂറോപ്യൻ യൂണിയൻ, ഇറാൻ എന്നിവർ ചേർന്ന് ഒപ്പിട്ട കരാർ പ്രകാരമാണ് ഇറാനെതിരെയുള്ള ഉപരോധങ്ങൾ ഒഴിവാക്കിയത്.

related stories