Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം ലക്ഷണമൊത്ത ഭീകരസംഘടന, തെളിവ് കണ്ണൂർ കൊലപാതകങ്ങള്‍: കൃഷ്ണദാസ്

PK Krishnadas ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്

കൊല്ലം ∙ സിപിഎം ലക്ഷണമൊത്ത ഒരു ഭീകരസംഘടനയായി മാറിയതിന്റെ തെളിവാണു കണ്ണൂരിലെ കൊലപാതകങ്ങളെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഷുഹൈബ് വധക്കേസിൽ കീഴടങ്ങിയ പ്രതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും അടുത്ത അനുയായികളാണ്.

ജയരാജന്റെ ഫെയ്സ്ബുക് പേജ് കൈകാര്യം ചെയ്തിരുന്നതു പോലും ഇതിലെ ആകാശ് തില്ലങ്കേരിയെന്ന പ്രതിയാണ്. ഇയാൾ കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് എകെജി സെന്ററിലും അടുത്തിടെയായി കണ്ണൂരിലെ പാർട്ടി ഓഫിസിലുമാണു താമസം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടന്നാൽ സിപിഎമ്മിലെ പല ഉന്നത നേതാക്കളും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തെക്കുറിച്ച് മുഖ്യമന്ത്രി വാതുറന്ന് ഒരക്ഷരം പറയാനോ സംഭവത്തെ അപലപിക്കാനോ തയാറായിട്ടില്ല. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും വേട്ടക്കാർക്കൊപ്പമാണെന്നതിന്റെ തെളിവാണിത്. ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ സമയം കണ്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സ്വന്തം ജില്ലയിൽ അടുത്തടുത്തു രണ്ടു കൊലപാതകങ്ങൾ നടന്നിട്ടും മൗനം പുലർത്തുകയാണ്. ആഗോള കാര്യങ്ങളിൽ ഉൾപ്പെടെ ഫെയ്സ്ബുക്കില്‍ കുറിപ്പിടുന്ന അദ്ദേഹത്തിന് ഇക്കാര്യത്തിൽ പറയാനുള്ളത് അറിയാൻ കേരളീയർക്ക് ആഗ്രഹമുണ്ട്.

സിപിഎമ്മിന്റെ അരുംകൊലകൾക്കെതിരെ ബിജെപി ദേശീയതലത്തിൽ പ്രചരണം നടത്തിയപ്പോൾ അതു കേരളത്തെ അപമാനിക്കാനാണെന്നു പറഞ്ഞ കോൺ‌ഗ്രസ് നേതാക്കൾക്ക് ഇപ്പോൾ യാഥാർഥ്യം ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. സിപിഎം കോൺഗ്രസ് സഖ്യം വേണ്ടെന്നു തീരുമാനിച്ചതിനെതിരെ പ്രസ്താവനകൾ ഇറക്കിയ കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോഴും ആ നിലപാടു തന്നെയാണോ എന്നു വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.