Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാവിനെ ആക്രമിച്ചു പരുക്കേൽപ്പിച്ചു; കോൺഗ്രസ് എംഎൽഎയുടെ മകൻ കുടുങ്ങി

muhammed-vidwath എൻ.എ. ഹാരിസിന്റെ മകൻ മുഹമ്മദ് നാലപ്പാട്, പരുക്കേറ്റ വിദ്വത്.ചിത്രത്തിന് കടപ്പാട്– ന്യൂസ് 18

ബെംഗളുരു∙ നഗരത്തിലെ റസ്റ്ററന്റിലും പിന്നീട് ആശുപത്രിയിലും വച്ച് യുവാവിനെ ആക്രമിച്ച സംഭവത്തിൽ കർണാടക കോൺഗ്രസ് എംഎല്‍എ എൻ.എ. ഹാരിസിന്റെ മകൻ ഉൾപ്പെടെ പത്തു പേര്‍ക്കെതിരെ കേസ്. ബെംഗളുരുവിലെ ഡോളർ കോളനിയിൽ താമസിക്കുന്ന വിദ്വത് എന്ന യുവാവിനുനേരെയാണ് ആക്രമണം ഉണ്ടായത്.

ബെംഗളൂരുവിലെ യുബി സിറ്റിയിലെ ഹോട്ടലിൽ വച്ച് എംഎൽഎയുടെ മകനായ മുഹമ്മദ് നാലപ്പാടിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഇയാളെ മർദ്ദിക്കുകയായിരുന്നു. കാലിൽ‌ പ്ലാസ്റ്റർ ഉണ്ടായിരുന്നതിനാൽ കസേരയിൽ നേരെ ഇരിക്കാൻ കഴിയാതിരുന്ന യുവാവിനോട് കസേര നേരെയിടാൻ പറഞ്ഞ് ഇവർ തർക്കിക്കുകയായിരുന്നുവെന്നു പറയുന്നു. തുടർന്ന് എംഎല്‍എയുടെ മകനും സംഘവും ആക്രമണം നടത്തുകയായിരുന്നു. അക്രമത്തിൽ പരുക്കേറ്റ് മല്യ ആശുപത്രിയിൽ ചികിൽസ തേടിയപ്പോൾ ഇവിടെയുമെത്തി സംഘം മർദ്ദിച്ചെന്നും പരാതിയിലുണ്ട്.

വിദ്വതിന്റെ സഹോദരനെയും അക്രമിച്ചതായി പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ എന്‍.എ. ഹാരിസ് ആശുപത്രിയിൽ സന്ദർശനം നടത്തി. കോൺഗ്രസ് കേസ് ഒതുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും ജെഡിയുവും രംഗത്തെത്തിയിട്ടുണ്ട്. ഹാരിസിനെ പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നും ആവശ്യമുയർന്നു. അതേസമയം, കുറ്റവാളികൾക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയിൽ തന്നെ നടപടിയുണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. മുഹമ്മദ് ഹാരിസ് നാലപ്പാടിനെ കോൺഗ്രസ് അംഗത്വത്തിൽ നിന്ന് ആറു വർഷത്തേക്കു നീക്കിയതായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ജി. പരമേശ്വര അറിയിച്ചു.