Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാനയോഗം വിളിക്കാത്തത് ഷുഹൈബ് വധത്തിൽ സർക്കാർ നിലപാടിന്റെ തെളിവ്: സുധാകരന്‍

K. Sudhakaran കോൺഗ്രസ് നേതാവ് കെ. സുധാകരൻ

കണ്ണൂർ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദലിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ജില്ലാ കലക്ടർ സമാധാന യോഗം വിളിക്കാൻപോലും തയ്യാറായിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചു. വലിയ അക്രമമാണ് ഉണ്ടായത്. എന്നിട്ടും സമാധാന യോഗം വിളിക്കാൻ കലക്ടർ തയ്യാറായിട്ടില്ലെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

കൊലപാതകത്തോടുള്ള സർക്കാർ സമീപനത്തിനു തെളിവാണിതെന്നും സുധാകരൻ ആരോപിച്ചു. ഷുഹൈബിനെ ക്രിമിനലാക്കാൻ ശ്രമിക്കുന്ന പി.ജയരാജനാണ് ഏറ്റവും വലിയ ക്രിമിനൽ. സംഘർഷത്തിന് അയവുവരുത്തേണ്ട സമീപനം ഇതുവരെ ഉണ്ടായിട്ടില്ല – സുധാകരൻ പറഞ്ഞു.

ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെയും സുധാകരൻ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, പ്രതികളെ പിടികൂടുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ പറഞ്ഞു. പ്രതികളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് ഇതു പുറത്തു പറയാത്തത്. ആരു ഭരിച്ചാലും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത് ശരിയല്ലെന്നും കാന്തപുരം പ്രതികരിച്ചു.