Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഫ്ഗാനിൽ ‘തോറ്റതിന്’ ഞങ്ങളെ കുറ്റപ്പെടുത്തേണ്ട: യുഎസിനോട് പാക്ക് സൈനിക മേധാവി

Qamar Javed Bajwa പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബജ്‍വ

ഇസ്‍ലാമാബാദ്∙ അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ പരാജയത്തിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്ന് പാക്ക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വ. പാക്കിസ്ഥാനിൽ ഭീകരർക്കു സുരക്ഷിതമായ ഇടങ്ങളില്ല. അഫ്ഗാനിസ്ഥാനിലെ യുഎസ് നീക്കങ്ങൾ പരാജയപ്പെടാനുള്ള കാരണം യുഎസ് ഭരണകൂടം അന്വേഷിച്ചു കണ്ടെത്തണമെന്നും പാക്കിസ്ഥാൻ സൈനിക മേധാവി വ്യക്തമാക്കി. മ്യൂണിക്കിൽ മൂന്നു ദിവസമായി നടന്നുവരുന്ന സുരക്ഷാ സമ്മേളനത്തിലാണ് പാക്കിസ്ഥാൻ നിലപാട് വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനിൽ ഒളിച്ചിരിക്കുന്ന ഭീകരർ പാക്കിസ്ഥാനിൽ പ്രശ്നങ്ങളുണ്ടാക്കുകയാണ്. പാക്കിസ്ഥാനിലുള്ള അഫ്ഗാൻ അഭയാർഥികളുടെ പുനരധിവാസമുൾപ്പെടെ നടപ്പാക്കാനുണ്ട്. പാക്ക് അതിർത്തിയോട് ചേർന്നുള്ള അഫ്ഗാന്റെ കൈവശമുള്ള പ്രദേശങ്ങളിലാണ് ഭീകരരുടെ താവളങ്ങൾ. ഭീകരവാദത്തിനെതിരെ രാജ്യാന്തര സഹകരണം തന്നെ ആവശ്യമാണ്– ജനറൽ ബജ്‍വ പറഞ്ഞു.

ഭീകരവാദത്തിനെതിരെ ഉചിതമായ നടപടികളെടുക്കുന്നില്ലെന്നു കാണിച്ചു പാക്കിസ്ഥാനുള്ള സുരക്ഷാ സഹായം യുഎസ് മരവിപ്പിച്ചിരുന്നു. യുഎസ് വാദങ്ങളെ തള്ളുന്ന നിലപാടാണ് പിന്നീടു പാക്കിസ്ഥാൻ സ്വീകരിച്ചത്. എന്നാല്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ് നേതൃത്വം നൽകുന്ന സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ പാക്കിസ്ഥാൻ തയ്യാറായി. അഫ്ഗാനിലെ പ്രശ്നങ്ങളുണ്ടാക്കുന്ന ഭീകരർക്ക് പാക്കിസ്ഥാന്റെ സഹായം ലഭിക്കുന്നുണ്ടെന്നാണ് യുഎസ് നിലപാട്.