Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ അപ്രതീക്ഷിത ‘ക്രിസ്മസ് സന്ദർശനം’; 1.49 ലക്ഷത്തിന്റെ ബില്ലുമായി പാക്കിസ്ഥാൻ

Narendra-Modi--Nawaz-Sharif

ന്യൂ‍ഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ക്രിസ്മസ് സന്ദർശനത്തിന്’ പാക്കിസ്ഥാന്റെ വക 1.49 ലക്ഷത്തിന്റെ ബിൽ. റഷ്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങള്‍ സന്ദർശിച്ചു തിരികെയെത്തവെയാണ് 2015ലെ ക്രിസ്മസ് ദിനത്തിൽ മോദി പാക്കിസ്ഥാനിലെ ലഹോറിലിറങ്ങിയത്. ഇന്ത്യൻ വ്യോമസേന വിമാനത്തിനു വ്യോമയാന റൂട്ടിലെ നിരക്കാണു പാക്കിസ്ഥാൻ വാങ്ങിയതെന്നു വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ വ്യക്തമാക്കുന്നു. സാമൂഹിക പ്രവർത്തകൻ ലോകേഷ് ബത്ര നൽകിയ അപേക്ഷയിലാണു വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതെന്നു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

2014 – 2016 വരെയുള്ള കാലഘട്ടത്തിൽ വ്യോമസേനയുടെ വിമാനത്തിൽ മോദി നടത്തിയ യാത്രയുടെ ചെലവ് അന്വേഷിച്ചാണു വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചത്. 2016 ജൂൺ വരെ വ്യോമസേനയുടെ വിമാനമാണു മോദി വിവിധ രാജ്യങ്ങളിലെ സന്ദർശനത്തിനായി ഉപയോഗിച്ചത്. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, ഖത്തർ, ഓസ്ട്രേലിയ, പാക്കിസ്ഥാൻ, റഷ്യ, ഇറാൻ, ഫിജി, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണു മോദി സന്ദർശിച്ചത്.

റഷ്യ – അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞു മടങ്ങിവരവെയാണു 2015 ഡിസംബർ 25ന് മോദി ലഹോറിലിറങ്ങിയത്. ഇതിന് 1.49 ലക്ഷം രൂപയാണ് പാക്കിസ്ഥാൻ വ്യോമയാന റൂട്ടിലെ നിരക്കായി വാങ്ങിയതെന്ന് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽനിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു. വൈകുന്നേരം 4.50ന് വ്യോമസേനയുടെ ബോയിങ് 737 വിമാനത്തിൽ ലഹോറിലെത്തിയ പ്രധാനമന്ത്രിക്കു മികച്ച സ്വീകരണമാണു ലഭിച്ചത്. അവിടെനിന്നു ഹെലിക്കോപ്റ്ററിലാണു ലഹോറിനു പുറത്ത് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വീട്ടിലേക്കു മോദി പോയത്.

2016 മേയ് 22 – 23ന് മോദി ഇറാൻ സന്ദർശിച്ചപ്പോൾ 77,215 രൂപയും 2016 ജൂണ്‍ 4 – 5 തീയതികളിൽ ഖത്തർ സന്ദർശിച്ചതിന് 59,215 രൂപയും പാക്കിസ്ഥാൻ ഇന്ത്യയിൽനിന്ന് ഈടാക്കി. മോദിയുടെ ഈ രണ്ടു യാത്രയും പാക്കിസ്ഥാന്റെ വ്യോമമേഖലയ്ക്കു മുകളിലൂടെയായിരുന്നു.

വ്യോമസേനയുടെ വിമാനം ഉപയോഗിച്ചു വിദേശത്തേക്കു മോദി പറന്ന ചെലവിൽ 2014 – 2016 വരെയുള്ള കാലഘട്ടത്തിൽ ആകെ, രണ്ടുകോടി രൂപയാണു കേന്ദ്രം ചെലവിട്ടതെന്നു രേഖകൾ പറയുന്നു. സാധാരണയായി വിവിഐപികളുടെ വിദേശരാജ്യ സന്ദർശനങ്ങളിൽ എയർ ഇന്ത്യയുടെ വിമാനങ്ങളാണ് ഉപയോഗിക്കുക. ഇതിന് എയർ ഇന്ത്യയ്ക്കു കേന്ദ്രം പണം നൽകാറുമുണ്ട്.  

related stories