Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഫ്റ്റയില്‍ പുരസ്കാരങ്ങൾ വാരിക്കൂട്ടി ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ്, മിസോറി

British-Academy-Film-Awards-BAFTAs ബാഫ്ത പുരസ്കാരങ്ങളുമായി ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ്, മിസോറി ടീം

ലണ്ടൻ∙ ബാഫ്റ്റയില്‍ തിളങ്ങി ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ്, മിസോറി. മികച്ച ചിത്രത്തിനും നടിക്കുമുള്‍പ്പെടെ അഞ്ചുപുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ഗാരി ഓള്‍ഡ്മാനാണ് മികച്ച നടന്‍.

ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളിലാണ് ബാഫ്റ്റ അവാർഡ് പ്രഖ്യാപനം നടന്നത്. ഒന്നിനുപിറകെ അഞ്ചു പുരസ്കാരങ്ങളാണ് ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ്, മിസോറി എന്ന ചിത്രം വാരിക്കൂട്ടിയത്. കൊലപ്പെട്ട മകള്‍ക്ക് നീതി ലഭിക്കാന്‍ പോരാടുന്ന അമ്മയെ അവതരിപ്പിച്ച് ഫ്രാന്‍സസ് മെക്ഡോര്‍മെന്‍ഡ് മികച്ച നടിയായി. മകളുടെ കൊലപാതകത്തിലേക്ക് ജനശ്രദ്ധ തിരിക്കാന്‍ മൂന്നു ബില്‍ ബോര്‍ഡുകള്‍ വാടകയ്ക്ക് എടുക്കുകയാണ് ഫ്രാന്‍സസിന്റെ കഥാപാത്രം. സാം റോക്‌വെല്‍ മികച്ച സഹനടനായി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം സംവിധായകന്‍ മാര്‍ട്ടിന്‍ മെക്ഡോന കരസ്ഥമാക്കി. മികച്ച ബ്രിട്ടിഷ് ചിത്രത്തിനുള്ള പുരസ്കാരവും ത്രീ ബില്‍ബോര്‍ഡ്സ് നേടി. ഇതോടെ ഓസ്കറില്‍ ചിത്രത്തിന്റെ സാധ്യതകളേറി.

ഡാര്‍ക്കസ്റ്റ് അവറില്‍ വിന്‍സണ്‍ ചര്‍ച്ചിലിനെ അവസ്മരണീയമാക്കി ഗാരി ഓള്‍ഡ്മാനെ മികച്ച നടനായി. നേരത്തെ തിരക്കഥയ്ക്കും സംവിധാനത്തിനും പുരസ്കാരം നേടിയിട്ടുണ്ടെങ്കിലും അഭിനയത്തിന് ഗാരി ലഭിക്കുന്ന ബാഫ്റ്റ അംഗീകാരമാണിത്. ഗില്ല്യാര്‍മോ ദെല്‍ ടോറോ ആണ് മികച്ച സംവിധായകന്‍. ഏറ്റവും അധികം നാമനിര്‍ദേശങ്ങള്‍ ലഭിച്ച ദ് ഷേപ്പ് ഓഫ് വാര്‍ട്ടേഴ്സ് മികച്ച സംവിധായകനു പുറമെ മൂന്നു പുരസ്കാരങ്ങള്‍ നേടി. അലിസണ്‍ ജാനിയാണ് മികച്ച സഹനടി. അപ്രതീക്ഷിത പുരസ്കാരങ്ങള്‍ക്ക് പുറമെ പിന്നെയും ഉണ്ടായിരുന്നു പ്രത്യേകതകള്‍. ടൈംസ് അപ്, മീ ടൂ ക്യാംപെയിനുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒട്ടുമിക്ക അതിഥികളും കറുത്ത വസ്ത്രമണിഞ്ഞാണ് എത്തിയത്. എന്നാല്‍ പച്ചയണിഞ്ഞാണ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് എത്തിയെന്നതും ശ്രദ്ധേയമായി.