Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെർമിറ്റ് റദ്ദാക്കുമെന്ന ‘ഭീഷണി ഏറ്റു’; സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി

ksrtc ബസ് പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി ബസുകളിൽ അനുഭവപ്പെടുന്ന തിരക്ക്. ചിത്രം: സമീർ എ. ഹമീദ്

തിരുവനന്തപുരം∙ സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്കു കടന്നതിനിടെ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. സമരം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. പെർമിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെടും. ഇതു സംബന്ധിച്ച് ഗതാഗത കമ്മിഷണർ ആർടിഒമാർക്കു നിർദേശം നൽകി. ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഗതാഗത കമ്മിഷണറോടു നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Read at: സ്വകാര്യ ബസ് പണിമുടക്കിനെതിരെ പിന്നോട്ട് ഓടി പ്രതിഷേധം– ചിത്രങ്ങൾ, വിഡിയോ

സർക്കാർ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചതോടെ ചില സ്ഥലങ്ങളിൽ സ്വകാര്യ ബസുകള്‍ സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തും മറ്റുചില ഒറ്റപ്പെട്ട സ്ഥലങ്ങളിലുമാണ് സർവീസ് തുടങ്ങിയിരിക്കുന്നത്. അതിനിടെ ബസുടമകൾക്ക് നോട്ടിസ് നൽകുമെന്ന് സർക്കാർ അറിയിച്ചു.

സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ഇന്നലെ ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. വിദ്യാർഥികളുടെ മിനിമം യാത്രാനിരക്കു രണ്ടു രൂപയാക്കണമെന്ന ബസുടമകളുടെ ആവശ്യം അംഗീകരിക്കാത്തതാണു ചർച്ച പരാജയപ്പെടാൻ കാരണം. വിദ്യാർഥികളുടെ മിനിമം ചാർജിൽ വർധനയില്ലെന്നും മിനിമം ചാർജ് കഴിഞ്ഞു തുടർന്നു വരുന്ന ഫെയർ സ്റ്റേജുകളിൽ മറ്റു യാത്രക്കാർക്കായി നിലവിൽ വർധിപ്പിച്ച മിനിമം ചാർജിന്റെ 25% കൂട്ടാമെന്ന നിർദേശം മന്ത്രി മുന്നോട്ടു വച്ചെങ്കിലും സമരക്കാർ ഇത് അംഗീകരിച്ചില്ല. സമര രംഗത്തുള്ള സ്വകാര്യ ബസ് ഉടമകളുടെ 12 സംഘടനകളുടെ പ്രതിനിധികളുമായാണു മന്ത്രി ചർച്ച നടത്തിയത്.