Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺമനോരമ ബ്ലോഗ് ഇറ്റ്: ഐശ്വര്യ, ഹരിശ്രീ, അഷിത മീനു വിജയികൾ

blog-it-winners വിജയികളായ ഐശ്വര്യ, അഷിത, ഹരിശ്രീ എന്നിവർ

കോട്ടയം ∙ ഓണ്‍ മനോരമയുടെ ബ്ലോഗ് ഇറ്റ് മൽസരത്തില്‍ ഒ. ഐശ്വര്യയ്ക്ക് ഒന്നാം സ്ഥാനം. ബെംഗളൂരു അസീം പ്രേംജി സർവകലാശാലയിലെ വിദ്യാർഥിനിയായ ഐശ്വര്യയ്ക്ക് കാഴ്ചയില്ല. കൊടകര സഹൃദയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വിദ്യാർഥിനി ഹരിശ്രീ രണ്ടാം സ്ഥാനത്തും മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി അഷിത മീനു മൂന്നാം സ്ഥാനത്തുമെത്തി. കിൻഡിലുകളാണ് വിജയികൾക്കുള്ള സമ്മാനം.

18നും 30നും ഇടയിലുള്ള കോളജ് വിദ്യാർഥികൾക്കായി നടത്തിയ മൽസരത്തിൽ വിവിധ വിഷയങ്ങളിൽ നൂറു കണക്കിന് എൻട്രികളാണു ലഭിച്ചത്. വിജയികൾ തിരഞ്ഞെടുത്ത വിഷയങ്ങൾ ഒന്നിനൊന്ന് മെച്ചപ്പെട്ടതാണെന്നു വിധികര്‍ത്താക്കൾ വിലയിരുത്തി.

വൈകല്യങ്ങളുള്ളവരുടെ ജീവിതം സ്വന്തം അനുഭവങ്ങളുടെ നേർക്കാഴ്ചയിലാണ് ഐശ്വര്യ വിവരിക്കുന്നത്. കവിതകളും കുറിപ്പുകളും സർക്കാരിന്റെ പ്രതികരണങ്ങളുമടങ്ങിയതാണ് ഐശ്വര്യയുടെ ബ്ലോഗ്. തേവര സേക്രഡ് ഹാര്‍ട്സ് കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയ ഐശ്വര്യ ഒഴിവു സമയങ്ങള്‍ വായന, എഴുത്ത്, ഒറിഗാമി എന്നിവയ്ക്കു വേണ്ടി നീക്കിവയ്ക്കുന്നു. ഹോണ്ടയിൽ ജീവനക്കാരനായ ഒ. ആർ. രവിയുടെയും സുജാതയുടെയും മകളാണ്.

ആറു വയസ്സു മുതൽ ബ്ലോഗ് എഴുതുന്ന തൃശൂർ സ്വദേശിനി ഹരിശ്രീ, 2006ൽ കേരളത്തിൽ നടന്ന ആദ്യ ബ്ലോഗേഴ്സ് മീറ്റിൽ പങ്കാളിയായിരുന്നു. സ്കൂൾ, കോളജ് തലങ്ങളിൽ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വിശ്വനാഥ് പ്രഭാകർ, സംഗീത ദമ്പതികളുടെ മകളാണ്.

വാക്കുകൾക്കു ലോകത്തെത്തന്നെ മാറ്റാനുള്ള ശേഷിയുണ്ടെന്നു വിശ്വസിക്കുന്ന അഷിത മീനു കോട്ടയം മെഡിക്കൽ കോളജിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയാണ്. അഷിത എഴുതിയത് മനഃശാസ്ത്ര പരീക്ഷണമായ സിംബ്രാഡോയെക്കുറിച്ചാണ്. മാവേലിക്കരയിലെ ഡോ. അയ്യപ്പൻ പിള്ളയുടെ മകളാണ്.

ബ്ലോഗ് ഇറ്റ് മൽസരാർഥികളിൽ ഭൂരിഭാഗവും വനിതകളായിരുന്നു. സാറാ മാത്യു, ബിപിൻ സാം തോമസ്, കുക്കു എലിസബത്ത് സിറിയക്, അവന്തിക പോള്‍, ക്രിസ്റ്റിന ട്രീസ ഇമ്മാനുവൽ, ലിഡിയ സാറാ സുനിൽ, സഞ്ജന സന്തോഷ് എന്നിവരും ആദ്യ പത്തു സ്ഥാനത്തുണ്ട്. ഇവരുടെ ബ്ലോഗുകൾ ഓൺമനോരമയിൽ പ്രസിദ്ധീകരിക്കും.

ബ്ലോഗുകൾ വായിക്കാം...