Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക തട്ടിപ്പ്: പിഎൻബിയുടെ ബ്രാഡി റോഡ് ബ്രാഞ്ച് സിബിഐ പൂട്ടി

pnb-brady-road-branch പിഎൻബിയുടെ ബ്രാഡി റോഡിലെ ബ്രാഞ്ച് പൂട്ടി സീൽ വച്ച് സിബിഐ പതിപ്പിച്ച നോട്ടിസ്.

ന്യൂ‍ഡൽഹി∙ 11,300 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു നടന്ന പഞ്ചാബ് നാഷനൽ ബാങ്കിന്റെ (പിഎൻബി) മുംബൈയിലെ ബ്രാഞ്ച് സിബിഐ അടച്ചുപൂട്ടി. വജ്ര വ്യാപാരി നീരവ് മോദിയുടെ വായ്പാ തട്ടിപ്പ് അരങ്ങേറിയ മുംബൈയിലെ ബ്രാഡി റോഡ് ബ്രാഞ്ചാണു സീൽ ചെയ്തു പൂട്ടിയത്. കേസിൽ ഇതുവരെ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ടുപേർ പിഎൻബി ജീവനക്കാരാണ്.

ബ്രാഡി റോഡിലെ ബ്രാഞ്ചിൽ ഞായറാഴ്ച മുതൽ സിബിഐ സംഘം തിരച്ചിൽ നടത്തിയിരുന്നു. നീരവ് മോദിയുടെ ഫയർ സ്റ്റാർ വജ്ര കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ വിപുൽ അംബാനിയെയും സിബിഐ ചോദ്യം ചെയ്തു. പിഎൻബിയുടെ മറ്റു രണ്ട് ജീവനക്കാരെയും നീരവ് മോദിയുടെ പ്രതിനിധിയായി ഒപ്പിടുന്നയാളെയും ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ജനറൽ മാനേജർ തസ്തികയിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ചുപേരെയും ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

ഏതുവഴിക്കാണ് പണം നഷ്ടപ്പെട്ടതെന്നും അഴിമതിയുടെ ആഴമെത്രയെന്നും കണ്ടെത്തുകയാണു ലക്ഷ്യമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഇതിനായി രേഖകളും ഡിജിറ്റൽ റെക്കോർഡുകളും പരിശോധിക്കുകയാണ്.

‘നിയമങ്ങൾ കർക്കശമാക്കാൻ ആർബിഐയോട് ആവശ്യപ്പെടും’

വിദേശ വായ്പകൾ അനുവദിക്കുമ്പോൾ ക്രെഡിറ്റ് നിയമങ്ങൾ കർക്കശമാക്കാൻ ബാങ്കുകളോടു നിർദേശിക്കാൻ ആർബിഐയോടു സർക്കാർ ആവശ്യപ്പെട്ടേക്കും. മാത്രമല്ല, ചില കമ്പനികൾക്കു മാത്രമായി ക്രെ‍ഡിറ്റ് എക്സ്പോഷർ ചുരുക്കണമെന്നും നിർദേശിച്ചേക്കും. അതിനിടെ, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കണമെന്നു ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ) ആവശ്യപ്പെട്ടു.

നീരവ് മോദിയോ ലളിത് മോദിയോ, രാജ്യത്തിന്റെ സൽപ്പേര് കളയുന്നവരെ മോദി സർക്കാർ തക്കതായ പാഠം പഠിപ്പിക്കുമെന്ന് ബാബ രാംദേവ് വ്യക്തമാക്കി. അഴിമതിക്കാർ, അവർ ചെയ്ത പാപങ്ങൾക്കു ശിക്ഷ അനുഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.