Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മാണിക്യമലരായ പൂവി’: കേസ് റദ്ദാക്കണമെന്നു പ്രിയ വാരിയർ സുപ്രീംകോടതിയിൽ

priya-warrier-2

ന്യൂഡൽഹി∙ വൻപ്രചാരം നേടിയ ‘ഒരു അഡാറ് ലവ്’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന പാട്ടിനെതിരെ കേസെടുത്തതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നായിക പ്രിയ പ്രകാശ് വാരിയർ സുപ്രീംകോടതിയിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ തെലങ്കാന പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണു പ്രിയയുടെ ആവശ്യം. കേസെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നു പ്രിയ ഹർജിയിൽ വ്യക്തമാക്കി. പ്രിയയ്ക്കു പുറമേ, സംവിധായകൻ ഒമർ ലുലുവും കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തിൽ ഒമറിനു തെലങ്കാന പൊലീസ് നോട്ടിസ് അയച്ചിരുന്നു.

‘മാണിക്യമലരായ പൂവി’ എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു ഇസ്‍ലാമിനെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപണം. പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്പോൾ അർഥം മാറുന്നുവെന്നും പരാതിയുണ്ട്. എന്നാൽ, ആരോപണത്തിൽ കഴമ്പില്ലെന്നും വർഷങ്ങളായി കേരളത്തിലെ മുസ്‍ലിംകൾ പാടിവരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാർ പറയുന്നത്. നായിക പ്രിയ പ്രകാശ് വാരിയർക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ ഹൈദരാബാദ് ഫലാക്ക്നുമാ പൊലീസ് സ്റ്റേഷനിലാണു പരാതി കിട്ടിയത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ജന്‍ജാഗരൻ സമിതി എന്ന സംഘടനയും പരാതി നൽകിയിരുന്നു.

ഗാനരംഗത്തിൽ അഭിനയിച്ച പ്രിയ, സംവിധായകൻ ഒമർ ലുലു, നിർമാതാവ് എന്നിവർക്കെതിരെ കേസെടുക്കണം എന്നാണു മഹാരാഷ്ട്രയിലെ ജിന്‍സി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലെ ആവശ്യം. വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയിൽനിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാൽ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിൻ‌വലിച്ചു.

ഇതിനിടെ, യൂ ട്യൂബിൽ 3.4 കോടി ‘കാഴ്ചകളും’ പിന്നിട്ടു മുന്നേറുകയാണു പാട്ട്. ഒരൊറ്റ ഗാനത്തിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയർ ഇന്റർനെറ്റിലെ പുത്തൻ സെൻസേഷനുമായി. പി.​എം.​എ. ജബ്ബാറിന്റെ വരികൾക്കു തലശ്ശേരി റഫീഖ് ഈണം നൽകി എരഞ്ഞോളി മൂസ ആലപിച്ച മാപ്പിളപ്പാട്ടാണിത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പുനരാവിഷ്കരിച്ച പാട്ടാണ് ഇപ്പോൾ വൈറലായത്.