Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ ഫോൺ യുവാവിന്റെ ജീവനെടുത്തു, വിവാഹദിവസത്തിൽ!

Man talking over mobile phone

നോയിഡ∙ മൊബൈൽ ഫോണിൽ സംസാരിച്ചു റെയിൽ പാളം മുറിച്ചുകടന്ന യുവാവിനു ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരം വിവാഹിതനാകേണ്ട നരേഷ് പാലിനാണ് (30) വീടിനു സമീപത്തുവച്ച് ഈ ദുരന്തം സംഭവിച്ചത്. രാവിലെ പാളം മുറിച്ചുകടക്കവെ രാജ്യറാണി എക്സ്പ്രസാണു നരേഷിനെ ഇടിച്ചിട്ടത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടു നടന്ന നരേഷ് മറ്റേ കൈ ഉപയോഗിച്ച് മറ്റൊരു ഫോണിൽ മെസേജ് അയയ്ക്കുകയുമായിരുന്നു. ശ്രദ്ധ തെറ്റിയപ്പോൾ ട്രെയിൻ വരുന്നത് അറിഞ്ഞില്ല.

നോയിഡയിലെ സ്വകാര്യ കമ്പനിയിൽ എന്‍ജിനീയറാണു നരേഷ്. ഷാജഹാൻപുരിലെ ഉമാ ഗാങ്വറുമായാണു വിവാഹം നിശ്ചയിച്ചിരുന്നത്. അപകടവാർത്ത രാവിലെ ഒൻപതോടെയാണു കുടുംബം അറിയുന്നത്. വിവാഹത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾക്കിടെ വന്ന ദുരന്തവാർത്ത കുടുംബാംഗങ്ങളെ ഞെട്ടിച്ചു.

വീടിന് 50 മീറ്റർ അകലെയുള്ള റെയിൽ പാളത്തിനരികിലേക്കു നരേഷ് പോയതു സുഹൃത്തിനോടു ഫോണിൽ സംസാരിച്ചാണെന്നും ബന്ധുക്കൾ അറിയിച്ചു. അപകടമാണെന്നാണു പൊലീസിന്റെ പ്രഥമിക വിലയിരുത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അവർ അറിയിച്ചു.