Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബിനെ കൊലപ്പെടുത്തിയവർക്കും ഒളിയിടം ടിപി കേസ് പ്രതികളുടെ മുടക്കോഴി മലയിൽ!

Shuhaib Murder Case Convicts ഷുഹൈബ് വധക്കേസിലെ പ്രതികളെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്കു ശേഷം പുറത്തേക്കിറക്കുന്നു. ചിത്രം: വിധുരാജ് എം.ടി.

കണ്ണൂർ∙ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ പ്രതികൾ ഒളിച്ചിരുന്നത് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഒളിച്ചിരുന്ന മുഴക്കുന്ന് മുടക്കോഴി മലയിൽ തന്നെയെന്ന് കണ്ടെത്തൽ. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പൊലീസ് റെയ്ഡ് നടത്താൻ എത്തുന്നുവെന്ന് അറിഞ്ഞ എം.വി.ആകാശും രജിൻരാജും ഇവിടെനിന്നു രക്ഷപെടുകയായിരുന്നു. പിറ്റേന്നു രാവിലെ അവർ മാലൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. അതേസമയം, പരോളിലായിരുന്ന ടിപി കേസ് പ്രതികൾക്കു കൊലപാതകവുമായി ബന്ധമില്ലെന്നാണു പ്രാഥമിക നിഗമനം.

Read at: ഷുഹൈബിന്റെ വധം സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാർ

Shuhaib Murder ഷുഹൈബ് വധകേസിലെ പ്രതികളെ വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ. ചിത്രം: വിധുരാജ് എം.ടി.

അതിനിടെ, ഷുഹൈബിന്റെ കൊലപാതകത്തിന്റെ ആസൂത്രണവും നടപ്പാക്കലുമടക്കമുള്ള സംഭവങ്ങളുമായി പത്തുപേർക്കു നേരിട്ട് ബന്ധമുണ്ടെന്ന് പ്രതികൾ മൊഴി നൽകിയതായാണു വിവരം. ഇവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും രജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റു പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. വെട്ടാനെത്തിയ സംഘത്തിൽ ഡ്രൈവർ അടക്കം അഞ്ചു പേരാണുണ്ടായിരുന്നത്. അറസ്റ്റിലായ ആകാശും രജിൻരാജുമാണ് വാൾ ഉപയോഗിച്ച് ഷുഹൈബിനെ വെട്ടിയതെന്നും പൊലീസ് പറഞ്ഞു.

Read at: ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ

സിപിഎം പ്രാദേശിക നേതൃത്വം അറിഞ്ഞുകൊണ്ടായിരുന്നു കൊലപാതകമെന്നു പ്രതികൾ വെളിപ്പെടുത്തി. എന്നാൽ, പാർട്ടിയുടെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് സംഭവത്തെക്കുറിച്ച് അറിവില്ല. കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യം. ഇനി പിടിയിലാകാനുള്ളത് ഡിവൈഎഫ്ഐയുടെ രണ്ടു പ്രാദേശിക നേതാക്കളും ‍ഡ്രൈവറുമാണെന്നും പൊലീസ് വ്യക്തമാക്കി. എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ – കെഎസ്‌യു സംഘർഷത്തിൽ ഷുഹൈബ് ഇടപെട്ടതും കെഎസ്‌യുക്കാരെ സഹായിച്ചതുമാണു വൈരാഗ്യത്തിനിടയാക്കിയതെന്നും ആക്രമണത്തിലേക്കു നയിച്ചതെന്നുമാണ് മൊഴി.

Read at: കീഴടങ്ങൽ നാടകമെന്നു കോൺഗ്രസ്; സമരം ശക്തമാക്കാൻ തീരുമാനം

ആകാശിന്റെയും രജിൻ രാജിന്റെയും സുഹൃത്തു കൂടിയായ ശ്രീജിത്തും പൊലീസ് കസ്റ്റഡിയിലുണ്ട്. മൂവരും ആർഎസ്എസ് പ്രവർത്തകൻ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. സിപിഎമ്മിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്ന സൈബർ ഗ്രൂപ്പിലെ അംഗം കൂടിയാണ് ആകാശ്. ഇവരുടെ അറസ്റ്റ് ഞായറാഴ്ച രാത്രി രേഖപ്പെടുത്തിയിരുന്നു.