Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്യോഗസ്ഥർ വിവരങ്ങൾ ചോർത്തുന്നതായി എസ്പി; അന്വേഷണത്തിന് പ്രത്യേക സംഘം

loknath-behera

തിരുവനന്തപുരം∙ മട്ടന്നൂർ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചുവെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഐജി: മഹിപാൽ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുകയെന്നും ബെഹ്റ അറിയിച്ചു. അതേസമയം, നിലവിലെ അന്വേഷണത്തിന്റെ പുരോഗതി ഉത്തര മേഖല ഡിജിപി രാജേഷ് ദിവാൻ വിലയിരുത്തി.

അതിനിടെ, അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂർ എസ്പി രംഗത്തെത്തി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ റെയ്ഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തുന്നതായാണ് ആരോപണം. ഇക്കാര്യം ‍ഡിജിപി, ഉത്തരമേഖല എഡിജിപി, ഐജി എന്നിവരെ അറിയിച്ചിട്ടുണ്ട്. വിവരങ്ങൾ ചോർത്തുന്ന ഉദ്യോഗസ്ഥർ ‘അൺപ്രഫഷന’ലാണെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈമാസം 12നാണ് എടയന്നൂരിൽ വച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത്. രാത്രി പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. സംഭവവുമായി ബന്ധപ്പെട്ടു സിപിഎമ്മിന്റെ സൈബർ പോരാളി ആകാശ് തില്ലങ്കേരിയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.