Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ പണം കൊയ്യാൻ ജൂനിയർ ട്രംപ്; നിക്ഷേപകരുമായി കൂടിക്കാഴ്ച ഉടൻ

junior-trump

ന്യൂഡൽഹി∙ ഇന്ത്യൻ നഗരങ്ങളിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപിന്റെ മകൻ. ട്രംപ് ടവർ എന്ന പേരിൽ ഡൽഹിയിലും മറ്റു നഗരങ്ങളിലും നിക്ഷേപങ്ങൾ‌ നടത്തുന്നതിനു മുന്നോടിയായി ഡോണൾഡ് ട്രംപ് ജൂനിയർ ഇന്ത്യൻ നിക്ഷേപകരുമായി ഈയാഴ്ച കൂടിക്കാഴ്ച നടത്തും. ആഡംബര അപ്പാർട്ട്മെന്റുകൾ വാങ്ങാൻ തയാറാകുന്നവര്‍ക്കു യുഎസ് പ്രസിഡന്റിന്റെ മകനൊപ്പം ഡിന്നർ കഴിക്കാനുള്ള അവസരമുണ്ടാകുമെന്നും ട്രംപിന്റെ ഇന്ത്യൻ പങ്കാളികൾ അറിയിച്ചു.

ട്രംപ് ജൂനിയറിന്റെ ഫ്ലാറ്റ് സമുച്ചയത്തിലെ ഏറ്റവും വില കുറഞ്ഞ ഫ്ലാറ്റിന് 25 ലക്ഷം രൂപയാണ് ആദ്യം അടയ്ക്കേണ്ടത്. 75 ൽ അധികം പേർ ഇതിനകം തന്നെ ഫ്ലാറ്റുകൾ വാങ്ങാൻ തയാറായെന്നാണു വിവരം. ഇതു നൂറു വരെ ഉയരാനാണു സാധ്യതയെന്ന് ഇന്ത്യൻ കമ്പനിയായ ട്രിബേക്ക പറഞ്ഞു. ഉപഭോക്താക്കളോടുള്ള കൃതജ്‍‍ഞതയുടെ ഭാഗമായാണ് ട്രംപ് ജൂനിയർ വിരുന്നൊരുക്കുന്നത്. 47 നിലകളിൽ 250 ഫ്ലാറ്റുകളുള്ള കെട്ടിടമാണു നിർമിക്കുക. 2023 ഓടെ ഇതിന്റെ നിർമാണം പൂര്‍ത്തിയാക്കാനാണു പദ്ധതി. ഫ്ലാറ്റുകളിൽ അയൽക്കാരായി വൻ വ്യവസായികളും ക്രിക്കറ്റ് താരങ്ങളുമടക്കം ഉണ്ടാകുമെന്നാണു കമ്പനിയുടെ വാഗ്ദാനം. ഗുഡ്ഗാവിലാണു ജൂനിയർ ട്രംപിന്റെ ആദ്യ ഫ്ലാറ്റ് സമുച്ചയം ഉയരുക. ഇന്ത്യൻ കമ്പനികളുമായി ചേർന്ന് ട്രംപ് ഓർഗനൈസേഷനെന്ന ബ്രാൻഡ് ഉപയോഗിച്ചു നേട്ടമുണ്ടാക്കാനാണു പദ്ധതി.

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ട്രംപ്് ജൂനിയറും സഹോദരൻ എറിക് ട്രംപും ചേർന്നാണു ബിസിനസ് നോക്കിനടത്തുന്നത്. സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലും ട്രംപ് ജൂനിയർ സംസാരിക്കും. ഇന്ത്യൻ കമ്പനികളായ ട്രിബേക്ക, എം3എം എന്നിവയുടെ സഹകരണത്തോടെയാണു ഗുഡ്ഗാവിലെ ഫ്ലാറ്റുകൾ നിർമിക്കുന്നത്. ഇതിന്റെ നിർമാണം ഈ വർഷം അവസാനത്തോടെ ആരംഭിക്കും.