Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാന്‍ വിമാനാപകടം: അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന

iran-search വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ തിരച്ചിൽ

ടെഹ്റാൻ∙ ഇറാനിൽ 66 യാത്രക്കാരുമായി തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മധ്യഇറാനിലെ ഇസ്‍വാഹൻ പ്രവിശ്യയിലെ ഡെൻസ്‍ലു നഗരത്തിനു സമീപമാണു വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നാണു വിവരം. തണുത്ത കാലാവസ്ഥമൂലം തിങ്കളാഴ്ച ഉച്ചവരെ നീണ്ട തിരച്ചിലിനൊടുവിലാണു വിമാനാവശിഷ്ടങ്ങൾ കണ്ടെടുക്കാനായത്. എന്നാൽ, വിമാനഭാഗങ്ങൾ കണ്ടെടുത്തെന്ന് ഉറപ്പായിട്ടില്ലെന്ന് ഇറാൻ ആഭ്യന്തര വ്യോമഗതാഗത വിഭാഗം അറിയിച്ചു.

പർവത പ്രദേശത്തു തകർന്നു വീണതിനാൽ തിരച്ചിലിനു തടസ്സമുണ്ട്. ടെഹ്റാനിൽനിന്ന് ഇറാനിലെ തന്നെ നഗരമായ യാസൂജിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഇസ്‌ഫഹാൻ പ്രവിശ്യയ്ക്കു തെക്കു ഭാഗത്ത് ഡീന പർവത മേഖലയിലാണ് ആസിമൻ എയർലൈൻസിന്റെ വിമാനം തകർന്നത്. ഒരു കുട്ടിയുൾപ്പെടെ 60 യാത്രക്കാരും വിമാനത്തിലെ ആറു ജീവനക്കാരും മരിച്ചു. വിമാനത്തിന് 20 വർഷത്തിലേറെ പഴക്കമുണ്ട്. മൂടൽമഞ്ഞു നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു അപകടം.

പ്രാദേശിക സമയം രാവിലെ അഞ്ചിന് മെഹ്റാബാദ് വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന എടിആർ 72 വിമാനം 50 മിനിറ്റ് കഴിഞ്ഞപ്പോൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പുൽമൈതാനിയിൽ അടിയന്തര ലാൻഡിങ്ങിനു ശ്രമിച്ചപ്പോഴാണു വിമാനം തകർന്നതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. സെമിറോം നഗരത്തിനു സമീപത്ത് എവിടെയെങ്കിലുമാകും തകർന്നുവീണതെന്നായിരുന്നു ആദ്യ നിഗമനം. മൈനസ് 16 ഡിഗ്രി താപനിലയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.

വിമാനഭാഗങ്ങൾ കണ്ടെത്തുന്നതിനായി യൂറോപ്യൻ രാഷ്ട്രങ്ങളുടെയും ചൈനയുടെയും സഹായം ഇറാൻ തേടിയിരുന്നു. ഫ്രാൻസിലെ എയർബസ് കമ്പനിയുടെയും ഇറ്റലിയിലെ ലിയനാർഡോ കമ്പനിയുടെയും സംയുക്ത സംരംഭമാണ് എടിആർ കമ്പനി. ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഉപരോധം മൂലം ഇറാനിലെ വിമാനങ്ങള്‍ക്കു വർഷങ്ങളുടെ പഴക്കമുണ്ട്. ആസിമാന്റെ മൂന്നു ബോയിങ് വിമാനങ്ങൾക്ക് 38 വർഷമാണു പഴക്കം.