Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹി ചീഫ് സെക്രട്ടറിക്ക് മർദനം: എഎപി എംഎൽഎ പ്രകാശ് ജർവാൾ അറസ്റ്റിൽ

IAS ചീഫ് സെക്രട്ടറി അൻഷു ശര്‍മയ്ക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ഐഎഎസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം.

ന്യൂഡല്‍ഹി∙ ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദിച്ചെന്ന കേസിൽ ആം ആദ്മി പാർട്ടി(എഎപി) എംഎൽഎ പ്രകാശ് ജർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയോടെയായിരുന്നു ഡൽഹി പൊലീസ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചതിനെതിരെ എസ്‍സി–എസ്ടി കമ്മിഷനു പ്രകാശ് പരാതി നൽകിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

പരസ്യസംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ രാത്രി ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കൂടിക്കാഴ്ചയ്ക്കു വിളിച്ചിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ എംഎൽഎമാര്‍ ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്നാണ് ആരോപണം.

എന്നാല്‍ എംഎൽഎമാർ ചീഫ് സെക്രട്ടറിയെ അക്രമിച്ചെന്ന വാദം വിചിത്രവും അടിസ്ഥാനമില്ലാത്തതും ആണെന്നാണു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം. റേഷൻ വിതരണത്തെക്കുറിച്ചു ചർച്ച ചെയ്യാനാണു ചീഫ് സെക്രട്ടറിയെ വിളിച്ചതെന്നും എഎപി പാര്‍ട്ടി വക്താവ് പറഞ്ഞു. സംഭവത്തിനു ശേഷം ചീഫ് സെക്രട്ടറി രാത്രി തന്നെ ലഫ്. ഗവര്‍ണറെ കണ്ടു പരാതി ഉന്നയിച്ചതായാണു റിപ്പോർട്ട്.

ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷന്‍ പ്രതിനിധികളും രാവിലെ ലഫ്. ഗവര്‍ണറെ കണ്ടിരുന്നു. ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നു ഗവർണറോട് ആവശ്യപ്പെട്ടതായി ഡൽഹി അഡ്മിനിസ്ട്രേറ്റിവ് സബോർഡിനേറ്റ് സർവീസസ് പ്രസിഡന്റ് ഡി.എൻ.സിങ് പറഞ്ഞു.

എംഎൽഎമാർക്കെതിരെ നടപടി എടുക്കുന്നതു വരെ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ വിളിക്കുന്ന യോഗങ്ങളിലൊന്നും പങ്കെടുക്കേണ്ടെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ വിവിധ സംഘടനകളുടെ തീരുമാനം. കേജ്‌രിവാൾ മാപ്പു പറയണമെന്നാണ് ആവശ്യം. ഐഎഎസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിക്ക് ഐക്യദാർഢ്യവുമായി രാജ്ഘട്ടിൽ മെഴുകുതിരികളേന്തി പ്രകടനവും നടന്നു.

ഇതിനിടെ വിശദീകരണവുമായി എഎപി എംഎൽഎമാർ രംഗത്തെത്തി. ജനങ്ങൾക്കു മരുന്നുൾപ്പെടെയുള്ള കാര്യങ്ങൾ ലഭ്യമാകാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ‌ ലഫ്. ഗവർണറോടു മാത്രമേ മറുപടി പറയൂവെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. എംഎൽഎമാരാകാൻ തങ്ങൾക്കു യോഗ്യതയില്ലെന്ന് ആക്ഷേപിച്ചതായും എംഎൽഎ ‌പ്രകാശ് ജർവാൾ പറഞ്ഞു. 

അക്രമ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഫ്. ഗവർണറോടു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. ഉദ്യോഗസ്ഥർക്കു ഭയം കൂടാതെ ജോലി ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ചു കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. ഡൽഹിയിൽ ഭരണം മരവിച്ച അവസ്ഥയാണെന്നും ലഫ്. ഗവർണർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു.