Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് മലയാളി ദമ്പതികൾ മരിച്ച നിലയിൽ

kunjabdullah-riswana

ജിദ്ദ∙ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയില്‍പ്പെട്ട അൽഹസ്സ നഗരത്തിനു സമീപം ജനവാസമില്ലാത്ത സ്ഥലത്ത് മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തൽ റിസ്‌വാന(30) എന്നിവരെയാണു തിങ്കളാഴ്ച വൈകിട്ടു ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൂടുതൽ സൗദി വാർത്തകൾക്ക്

മൊയ്തു - കുഞ്ഞാമി ദമ്പതികളുടെ മകനായ​ കുഞ്ഞബ്ദുല്ല സൗദിയിൽ ബ്രാഞ്ചുകളുള്ള ഒരു പ്രമുഖ ഹൈപ്പർമാർക്കറ്റിലെ ഡ്രൈവറാണ്. ഇബ്രാഹിം ഹാജി – ഖദീജ ദമ്പതികളുടെ മകളാണു റിസ്‌വാന. സന്ദർശക വീസയിൽ വന്നു ഭർത്താവിനോടൊപ്പം അൽഹസ്സയിൽ കഴിയുകയായിരുന്നു. ദമ്പതികൾക്കു മക്കളില്ല.

ഞായറാഴ്ച അൽഹസ്സയിൽനിന്നു 150 കിലോമീറ്റര്‍ അകലെയുള്ള ദമാമിലേക്കു പുറപ്പെട്ട ഇവരെ കുറിച്ചു വിവരമില്ലെന്നു സുഹൃത്തുക്കൾ പൊലീസിൽ വിവരമറിയിച്ചിരുന്നു. തുടർന്നു നടന്ന തിരച്ചിലിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ചു സ്ഥലത്തെത്തിയവർ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചതു തന്നെയെന്നു സ്ഥിരീകരിക്കുകയായിരുന്നു. വാഹനത്തിനു സമീപ പ്രദേശത്തുനിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങൾ പൊലീസ് അൽഹഫൂഫ് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരുന്നു. ഇതു കുഞ്ഞബ്ദുല്ലയുടേതും റിസ്‌വാനയുടേതുമാണെന്നു ബന്ധുക്കൾ തിരിച്ചറി‍ഞ്ഞു.

ദമാമിൽനിന്നു മടങ്ങുന്ന വഴി അൽഹസ്സയിലേയ്ക്ക് 25 കിലോമീറ്റർ അകലെയുള്ള അൽഅയൂൻ എന്ന വിജനമായ സ്ഥലത്താണു വാഹനം കണ്ടെത്തിയത്. ദമ്പതികൾ ജീവനൊടുക്കിയതായിരിക്കുമെന്നു പൊലീസ് പറഞ്ഞതായി സഹപ്രവർത്തകർ പറഞ്ഞു. മരണ കാരണം അന്വേഷിക്കുകയാണ്. വിവരമറിഞ്ഞ് അൽഹസ്സയിലെത്തിയ കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരൻ കരീമും റിസ്വാനയുടെ അമ്മാവനും തുടർ നടപടികൾക്കായി സ്ഥലത്തുണ്ട്.