Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മഴക്കളി’യിൽ നാലാം ട്വന്റി20 ഉപേക്ഷിച്ചു; പരമ്പര തോൽക്കില്ലെന്ന് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ

Centurion-Rain മഴ പെയ്തതിനെ തുടർന്ന് മൈതാനത്തു നിന്നു മടങ്ങുന്ന താരങ്ങൾ. (ട്വിറ്റർ ചിത്രം)

സെഞ്ചൂറിയൻ ∙ ഏകദിന പരമ്പര വിജയത്തിനു പിന്നാലെ ട്വന്റി20 പരമ്പര ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യൻ വനിതകൾക്കു മുന്നിൽ മഴ വില്ലനായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20 മൽസരം മഴമൂലം ഉപേക്ഷിച്ചതോടെയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 15.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എടുത്തുനിൽക്കെയാണ് മഴയെത്തിയത്. മഴപ്പെയ്ത്തു തുടർന്നതോടെ മൽസരം ഉപേക്ഷിച്ചതായി അംപയർമാർ പ്രഖ്യാപിക്കുകയായിരുന്നു.

ആദ്യ രണ്ടു മൽസരങ്ങൾ ജയിച്ച ഇന്ത്യ പരമ്പരയിൽ ഇപ്പോഴും 2–1ന് മുന്നിലാണ്. മൂന്നാം മൽസരം തോറ്റ ഇന്ത്യ ഇന്നത്തെ മൽസരം ജയിച്ച് പരമ്പര നേടാമെന്ന പ്രതീക്ഷയിലായിരുന്നു. ശനിയാഴ്ച കേപ്ടൗണിലാണ് പരമ്പരയിലെ അവസാന മൽസരം.

ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത ലിസെല്ലാ ലീ–വാൻ നീക്കർക് സഖ്യം ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. സ്കോർ 103ൽ നിൽക്കെ നീക്കർക്ക് പുറത്തായതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകർച്ചയെ നേരിടുമ്പോഴാണ് മഴയെത്തിയത്. നീക്കർക്ക് 47 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 55 റൺസെടുത്തു പുറത്തായി. ട്രിയോൺ (നാലു പന്തിൽ രണ്ട്), സൂനെ ലൂസ് (മൂന്നു പന്തില് ‍അ‍ഞ്ച്) എന്നിവരും പെട്ടെന്നു പുറത്തായതോടെ ദക്ഷിണാഫ്രിക്ക തകർന്നു. ഇതിനു പിന്നാലെയാണ് മഴയെത്തിയത്. ലീ 38 പന്തിൽ അഞ്ചു സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ 58 റൺസെടുത്തും ഡുപ്രീസ് രണ്ടു റൺസെടുത്തും പുറത്താകാതെ നിന്നു.