Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൻ കി ബാത്തിലേക്ക് ആശയം വേണമെന്നു മോദി; നീരവ്, റഫാൽ പോരേയെന്നു രാഹുൽ

rahul-modi കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിടാതെ പിടികൂടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിമാസ പരിപാടിയായ ‘മൻ കി ബാത്തി’ലേക്കു മോദി ആശയങ്ങൾ ക്ഷണിച്ചപ്പോഴാണു രാഹുൽ ‘അപ്രതീക്ഷിത ആക്രമണം’ നടത്തിയത്.

നരേന്ദ്ര മോദിയുടെ ട്വിറ്റർ പേജിലാണു ആശയങ്ങൾ തേടി സന്ദേശം വന്നത്. ഈ മാസം 25ന് താൻ നടത്തുന്ന പ്രഭാഷണത്തിലേക്കു നിങ്ങൾക്ക് ആശയങ്ങൾ നൽകാമെന്നായിരുന്നു മോദിയുടെ ട്വീറ്റ്. നൽകിയിട്ടുള്ള ഫോൺ നമ്പരിൽ വിളിച്ചു ശബ്ദസന്ദേശം റെക്കോർഡ് ചെയ്യുകയോ നരേന്ദ്ര മോദി (എൻഎം) ആപ്പ് വഴിയോ മൈഗവ് ഡോട്ട് ഇൻ വഴിയോ ആശയങ്ങൾ കൈമാറാമെന്നും പ്രധാനമന്ത്രി അറിയിച്ചു.

തൊട്ടുപിന്നാലെ വന്നു, രാഹുലിന്റെ മറുപടി ട്വീറ്റ്. ‘മോദിജീ, കഴിഞ്ഞമാസം താങ്കളുടെ പ്രഭാഷണത്തിൽ എന്റെ നിർദേശങ്ങൾ ഒഴിവാക്കി. എല്ലാ ഇന്ത്യക്കാരും കേൾക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ അറിയാമെന്നിരിക്കെ എന്തിനാണ് ആശയങ്ങൾ ക്ഷണിക്കുന്നത്? 22,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയ നീരവ് മോദി, 58,000 കോടിയുടെ അഴിമതിയുള്ള റഫാൽ ഇടപാട് എന്നിവയെപ്പറ്റി പ്രസംഗത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു’– രാഹുൽ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ, മേഘാലയയിലെ തിരഞ്ഞെടുപ്പു റാലിയിലും മോദിയെ കളിയാക്കി രാഹുൽ രംഗത്തെത്തിയിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) സാമ്പത്തികതട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയെ അടുത്ത വിദേശയാത്ര കഴിഞ്ഞു മടങ്ങി വരുമ്പോൾ കൂടെ കൊണ്ടുവരണം. ജനങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം തിരിച്ചുകിട്ടിയാൽ രാജ്യം താങ്കളോടു വളരെയധികം നന്ദിയുള്ളവരായിരിക്കുമെന്നും മോദിയോടു രാഹുൽ പറഞ്ഞു.

വിവാദമായ റഫാൽ ഇടപാട്

യുപിഎ സർക്കാരിന്റെ കാലത്താണു റഫാൽ യുദ്ധവിമാന ഇടപാടിന്റെ തുടക്കം. ഫ്രാൻസിൽനിന്നു 126 വിമാനങ്ങൾ വാങ്ങാനുള്ള ചർച്ച യുപിഎ ഭരണകാലത്ത് അന്തിമഘട്ടത്തിലെത്തി. 18 വിമാനങ്ങൾ വാങ്ങാനും 108 എണ്ണം ടിഒടി (സാങ്കേതികവിദ്യാ കൈമാറ്റ വ്യവസ്ഥ) അനുസരിച്ചു പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സിൽ (എച്ച്എഎൽ) നിർമിക്കാനുമായിരുന്നു ധാരണ. ഒരു വിമാനത്തിന് 526 കോടി രൂപ എന്ന നിലയിൽ വാങ്ങുന്നതിന് ഏകദേശ ധാരണയിലെത്തി.

എൻഡിഎ അധി‌കാരത്തിലെത്തിയതിനു പിന്നാലെ ഫ്രാൻസ് സന്ദർശിച്ച പ്ര‌ധാനമന്ത്രി നരേന്ദ്ര മോദി 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ തീ‌രുമാനിച്ചു. എച്ച്എഎല്ലിനു പകരം ഒരു സ്വകാര്യ സ്ഥാപനത്തിനു സാങ്കേതികവിദ്യ കൈമാറാനും ധാരണയുണ്ടാക്കി. ‌പരിപാലനവും ആയുധങ്ങളും ഉൾപ്പെടെ ഓരോ വി‌‌മാനത്തിനും 1500 കോടിയിലേറെ രൂപയാണു വില. ഇതിനെല്ലാം പിന്നിൽ അഴിമതിയുണ്ടെന്നാണു ‌പ്രതിപക്ഷത്തിന്റെ ആരോപണം. 

related stories