Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വിറ്ററിൽ കോൺഗ്രസിനെ ‘ഫോളോ’ ചെയ്തു ബച്ചൻ; പാർട്ടിയിലേക്കെന്ന് അഭ്യൂഹം

Amitabh Bachchan

ന്യൂഡൽഹി∙ ബോളിവുഡ് താരം അമിതാഭ് ബച്ചൻ ട്വിറ്ററിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഫോളോ ചെയ്യുന്നതു പതിവാക്കിയതോടെ അഭ്യൂഹങ്ങളും പരക്കുന്നു. ബച്ചൻ വീണ്ടും കോൺഗ്രസിനോട് അടുക്കുന്നുവെന്നാണ് വാർത്തകൾ പരക്കുന്നത്. നെഹ്റു – ഗാന്ധി കുടുംബങ്ങളോടു മുൻപ് അടുത്ത ബന്ധം പുലർത്തിയ ബച്ചൻ പിന്നീട് പാർട്ടിയുമായി അകലുകയായിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ഫോളോ ചെയ്യാൻ ആരംഭിച്ചതിനു പിന്നാലെ പി.ചിദംബരം, കപിൽ സിബൽ, അഹമ്മദ് പട്ടേൽ, അശോക് ഗെഹ്‌ലോട്ട്, അജയ് മാക്കൻ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, സി.പി.ജോഷി എന്നിവരെയാണ് അമിതാഭ് ബച്ചൻ പിന്തുടരുന്നത്. കൂടാതെ അടുത്തിടെ മനീഷ് തിവാരി, ഷക്കീൽ അഹമ്മദ്, സഞ്ജയ് നിരുപം, രൺദീപ് സുജേർവാല, പ്രിയങ്ക ചതുർവേദി, സഞ്ജയ് ഝാ തുടങ്ങിയവരെ മൈക്രോ–ബ്ലോഗിങ് സൈറ്റിലും ഫോളോ ചെയ്യാൻ തുടങ്ങി.

രാജീവ് ഗാന്ധിയുടെ സുഹൃത്തായിരുന്ന അമിതാഭ് ബച്ചൻ, നിലവിൽ ബിജെപി സർക്കാർ ഭരണത്തിലായ ഗുജറാത്തിന്റെ ബ്രാൻഡ് അംബാസഡറാണ്. ബച്ചനെ 33.1 മില്യൻ ആളുകൾ പിന്തുടരുന്നുണ്ടെങ്കിലും അദ്ദേഹം 1730 പേരെ മാത്രമാണ് പിന്തുടരുന്നത്. അദ്ദേഹത്തിന് പെട്ടെന്നുണ്ടായ ‘കോൺഗ്രസ് സ്നേഹം’ പ്രതിപക്ഷത്തെയും ചെറുപാർട്ടികളെയും അത്ഭുതത്തിലാക്കി. കോണ്‍ഗ്രസ് നേതാക്കൾക്കു പുറമെ ആർജെ‍ഡി നേതാവ് ലാലു പ്രസാദ് യാദവ്, അദ്ദേഹത്തിന്റെ പുത്രി മിസ ഭാരതി, ജെഡിയു നേതാവ് നിതീഷ് കുമാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എന്നിവരെയും ബച്ചൻ ഫോളോ ചെയ്യുന്നുണ്ട്.

ആർജെഡിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും നാഷനൽ കോൺഫറൻസിന്റെ ഒമർ അബ്ദുല്ല, എൻസിപിയുടെ സുപ്രിയ സുളെ തുടങ്ങിയവരും അദ്ദേഹം ഫോളോ ചെയ്യുന്നവരിൽ ഉൾപ്പെടുന്നു. മനീഷ് സിസോദിയ, ഗോപാൽ റായ്, സഞ്ജയ് സിങ്, കുമാർ വിശ്വാസ്, ആശിഷ് ഖേതൻ എന്നിവരാണ് അദ്ദേഹം ഫോളോ ചെയ്യുന്ന എഎപി നേതാക്കൾ. നിതിൻ ഗഡ്കരിയും സുരേഷ് പ്രഭുവുമടക്കം ചില ബിജെപി നേതാക്കളെയും അദ്ദേഹം പിന്തുടരുന്നുണ്ട്.