Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിനെ പൊലീസ് മോശമാക്കുന്നുവെന്ന് സിപിഎം; സിപിഐക്കും വിമർശനം

cpm-state-conference-3 സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി

തൃശൂര്‍∙ സിപിഐയ്ക്കെതിരെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. സിപിഐയുടെ നിലപാടുകള്‍ സര്‍ക്കാരിലും മുന്നണിയിലും ഭിന്നത ഉണ്ടെന്ന തോന്നല്‍ ഉളവാക്കുന്നുവെന്നാണു വിമർശനം. കാനം രാജേന്ദ്രന്‍ സിപിഐ നേതൃത്വത്തിലേക്കു വന്ന ശേഷമാണു സ്ഥിതി വഷളായതെന്ന പരോക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്.

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ നിലപാട് കാര്യങ്ങള്‍ വഷളാക്കി. മുന്നണിക്ക് അകത്തുനിന്നു ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണു സിപിഐയുടെ ഭാഗത്തുനിന്നുണ്ടായത്. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്ക്കരിച്ചത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പൊലീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പൊലീസിൽ വിവിധ രാഷ്ട്രീയമുള്ളവരുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നു. ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണം. പൊലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടോയെന്ന് പരിശോധിക്കണമെന്നും വിമർശനമുണ്ട്.

സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രത്യേകം അവലോകനം ചെയ്യുന്ന റിപ്പോർട്ട് പാര്‍ട്ടി അധികാര കേന്ദ്രമാകരുതെന്നും ഓർമ്മിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മുതൽ മുഖ്യമന്ത്രി വരെയുള്ളവർ പാർട്ടിയുടെ ഭാഗമായതിനാൽ പലവിധത്തിലുമുള്ള ആവശ്യങ്ങളുയരും. അഴിമതി അടക്കമുള്ള കാര്യങ്ങളിൽ പാർട്ടി ജാഗരൂകമാകണമെന്നും നിർദ്ദേശമുണ്ട്. ഇടതു സർക്കാരിന്റെ പൊലീസിൽ അവിശ്വാസം പ്രകടിപ്പിക്കുന്നതും പ്രവർത്തകർക്ക് പരാതിയുണ്ടെന്നും വ്യക്തമാക്കുന്നതാണ് സമ്മേളന റിപ്പോർട്ട്. പൊലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടു. ഭരണം മാറിയതുകൊണ്ട് ഭരണകൂടം മാറുന്നില്ല. പ്രാദേശികമായ പല പ്രശ്നങ്ങളിലും നോട്ടക്കുറവുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.