Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായ്പ തട്ടിപ്പ്: റോട്ടോമാക് കമ്പനി ഉടമ വിക്രം കോഠാരിയും മകനും അറസ്റ്റിൽ

vikram-kothari വിക്രം കോത്താരി

ന്യൂഡൽഹി∙ വിവിധ ബാങ്കുകളിൽനിന്നു കോടിക്കണക്കിനു രൂപ വായ്പയെടുത്തു തട്ടിപ്പു നടത്തിയ റോട്ടോമാക് പെൻ കമ്പനിയുടമ വിക്രം കോഠാരിയെയും മകന്‍ രാഹുലിനെയും സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സിബിഐ കേന്ദ്ര ആസ്ഥാനത്ത് ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. പലിശയടക്കം കമ്പനി 3695 കോടി രൂപയാണു തിരിച്ചടയ്ക്കാനുള്ളതെന്നു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഏഴു പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം 2008 മുതൽ 2919 കോടി രൂപയാണ് റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വായ്പ നൽകിവന്നിരുന്നതെന്നു സിബിഐ ഫയൽ ചെയ്ത എഫ്ഐആറിൽ പറയുന്നു. കോഠാരിയുടെ ഭാര്യ സാധനയ്ക്കും ബാങ്കിലെ ചില ജീവനക്കാർക്കുമെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബാങ്കുകൾ റോട്ടോമാക് കമ്പനിക്കു നൽകിയ വായ്പ

∙ ബാങ്ക് ഓഫ് ഇന്ത്യ – 754.77 കോടി
∙ ബാങ് ഓഫ് ബറോഡ – 456.63 കോടി
∙ ഓവർസീസ് ബാങ്ക് ഓഫ് ഇന്ത്യ – 771.07 കോടി
∙ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ – 458.95 കോടി
∙ അലഹബാദ് ബാങ്ക് – 330.68 കോടി
∙ ബാങ്ക് ഓഫ് മഹാരാഷ്ട്ര – 49.82 കോടി
∙ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് – 97.47 കോടി

ബാങ്ക് ഓഫ് ബറോഡയാണ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐയെ സമീപിച്ചത്. നീരവ് മോദിയെയും ബന്ധു മെഹുൽ ചോക്സിയെയുംപോലെ കോഠാരിയും രാജ്യം വിട്ടേക്കുമെന്ന ഭീതിയുണ്ടായിരുന്നു ബാങ്കിന്. അതേസമയം, നികുതി വെട്ടിച്ച സംഭവത്തിൽ ആദായനികുത വകുപ്പും കോഠാരിക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.