Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധം സിബിഐ അന്വേഷിക്കണം: മുഖ്യമന്ത്രിക്കു കുടുംബത്തിന്റെ നിവേദനം

shuhaib

കണ്ണൂർ∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി.ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്കു വിടണമെന്നു മാതാപിതാക്കൾ. ഇക്കാര്യം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കു നിവേദനം നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വഴിയാണു നിവേദനം മുഖ്യമന്ത്രിക്ക് അയച്ചത്. പൊലീസ് അന്വേഷണത്തി‍ൽ തൃപ്തിയില്ലെങ്കിൽ രേഖാമൂലം ആവശ്യപ്പെട്ടാൽ അന്വേഷണം സിബിഐക്കു വിടാമെന്നു മന്ത്രി എ.കെ.ബാലൻ അറിയിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് നേതാവും എസ്എസ്എഫ് പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ഷുഹൈബിനോടു സിപിഎമ്മിനുള്ള രാഷ്ട്രീയ വിരോധവും കുടിപ്പകയും അസഹിഷ്ണുതയുമാണു കൊലപാതകത്തിനു കാരണമെന്നു വിശ്വസിക്കുന്നതായി മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവർ നിവേദനത്തിൽ പറഞ്ഞു. ഒൻപതു ദിവസം കഴിഞ്ഞിട്ടും അന്വേഷണം ഇഴയുകയാണ്. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ പ്രതികൾ സഞ്ചരിച്ച വാഹനമോ കണ്ടെത്തിയിട്ടില്ല. മുഴുവൻ പ്രതികളെ തിരിച്ചറിയാനും സാധിച്ചിട്ടില്ല.

അറസ്റ്റ് ചെയ്തു എന്നു പൊലീസ് അവകാശപ്പെടുന്ന ആകാശ് രാജ്, രജിൻരാജ് എന്നിവരെ പാർട്ടി നേതാക്കൾ പൊലീസിൽ ഹാജരാക്കിക്കൊടുത്തതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. രഹസ്യങ്ങൾ ചോർത്തി പൊലീസിലെ ഒരുവിഭാഗം അന്വേഷണം തടസപ്പെടുത്തുന്നതായി ജില്ലാ പൊലീസ് മേധാവി തന്നെ മേലധികാരികൾക്കു റിപ്പോർട്ട് നൽകിയിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ എന്നിവരുമായി അടുപ്പമുള്ളവരാണ് അറസ്റ്റിലായ രണ്ടു പേരും. ബോംബെറിഞ്ഞു ജനങ്ങളിൽ ഭീതിപരത്തി അക്രമം നടത്തിയ സംഭവത്തിൽ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം) പ്രകാരമുള്ള വകുപ്പുകൾ ചേർക്കാത്തു സിപിഎം നേതാക്കളുടെ ഇടപെടൽ മൂലമാണ്.

കാന്തപുരം എ.പി.അബൂബക്കർ മുസ്‍ലിയാർ നിവേദനം നൽകിയ ശേഷം മാത്രമാണു മുഖ്യമന്ത്രി ഈ സംഭവത്തിൽ പ്രസ്താവന ഇറക്കിയതെന്നും ഷുഹൈബിന്റെ മാതാപിതാക്കൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നാരോപിച്ചു കോൺഗ്രസ് നേതാവു കെ.സുധാകരൻ നാലു ദിവസമായി കലക്ടറേറ്റിനു മുൻപിൽ നിരാഹാര സമരത്തിലാണ്.