Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെളിഞ്ഞതു നമ്മുടെ കരുണയില്ലാത്ത മുഖം; മരണാനന്തരമെങ്കിലും നീതി കിട്ടട്ടെ: മഞ്ജു

Manju-Warrier-Madhu നടി മഞ്ജു വാരിയർ. മരണപ്പെട്ട ആദിവാസി യുവാവ് മധു.

കൊച്ചി∙ അട്ടപ്പാടി മുക്കാലിയിൽ മർദനമേറ്റ് ആദിവാസി യുവാവ് മധു മരിച്ച സംഭവത്തെ അപലപിച്ചു നടി മഞ്ജു വാരിയർ. സ്വന്തം ഊരിലെ ആൾക്കൂട്ടം നീതി നടപ്പിലാക്കിയപ്പോൾ വിശപ്പിന്റെ വിലയായി സ്വന്തം ജീവൻ കൊടുക്കേണ്ടി വന്ന യുവാവാണു മധുവെന്നു മഞ്ജു സമൂഹമാധ്യമത്തിലെ കുറിപ്പിൽ അഭിപ്രായപ്പെട്ടു. കാട്ടില്‍നിന്നു നാട്ടുകാര്‍ തന്നെ പിടിച്ചുകൊണ്ടുവരികയായിരുന്നു എന്നും കള്ളനെന്നു പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്തെന്നും മധു മൊഴി നൽകിയതു നേരത്തേ പുറത്തുവന്നിരുന്നു.

മഞ്ജു വാരിയരുടെ കുറിപ്പിൽനിന്ന്:

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിൽ ജനിച്ചുവളർന്ന്, തൊഴിൽ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞുപോയ, ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞുപോയ ഒരു ജീവൻ. ഒറ്റ വരിയിൽ പറഞ്ഞാൽ അതായിരുന്നില്ലേ മധു. കാട്ടിൽ കഴിക്കാൻ ഒന്നുമില്ലാതെ വരുമ്പോൾ നാട്ടിലേക്കുവന്നു വിശപ്പടക്കാൻ വഴി തേടിയ ഒരാൾ. സ്വന്തം ഊരിലെ ആൾക്കൂട്ടം നീതി നടപ്പിലാക്കിയപ്പോൾ വിശപ്പിന്റെ വിലയായി സ്വന്തം ജീവൻ കൊടുക്കേണ്ടി വന്ന യുവാവ്.

മധുവിനു മുന്നിൽ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു. തിരിച്ചടിക്കാൻ ശേഷിയില്ലാത്തവർക്കും പാവപ്പെട്ടവർക്കും വിശക്കുന്നവർക്കും എതിരെ ക്രൂരമായി മുഖം തിരിക്കുന്ന നമ്മളിൽ കുറച്ചുപേരുടെയെങ്കിലും രാക്ഷസ മുഖം. ആൾക്കൂട്ടത്തിന്റെ ഇത്തരം പ്രവർത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്നു വിചാരിച്ചിരുന്ന കാലം മുമ്പുണ്ടായിരുന്നു. മധുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. അദ്ദേഹത്തിനു മരണാനന്തരമെങ്കിലും നീതി ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു.

മധുവിനെ ആദിവാസി എന്നുവിളിക്കരുത്: മമ്മൂട്ടി

\മധുവിനെ ആദിവാസി എന്നു വിളിക്കരുതെന്നും താൻ അവനെ അനുജൻ എന്നുതന്നെ വിളിക്കുന്നതായും നടൻ മമ്മൂട്ടി പറഞ്ഞു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്നു വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ലെന്നും മമ്മൂട്ടി പറഞ്ഞു.

വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവന്‍ ആണിവിടെ കൊടും കുറ്റവാളി; കോടികള്‍ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നുവെന്നു നടൻ ടൊവിനോ തോമസ് പറഞ്ഞു. ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍ നിൽക്കേണ്ട. എല്ലാവരും കണക്കാണെന്നും ടൊവിനോ പറഞ്ഞു. മധുവില്‍ നിന്നും നമ്മളിലേക്കു വെറും ഒരു വിശപ്പിന്റെ ദൂരം മാത്രമേയുള്ളൂ എന്നായിരുന്നു ജയസൂര്യയുടെ അഭിപ്രായം. ചലച്ചിത്ര പ്രവർത്തകരായ ജോയ് മാത്യു, അരുൺ ഗോപി, ആഷിക്ക് അബു, സുരാജ് വെഞ്ഞാറമൂട്, സന്തോഷ് പണ്ഡിറ്റ്, സാജിദ് യഹിയ, വിപിൻ ദാസ്, ജിബു ജേക്കബ്, ജിസ് ജോയ്, അനിൽ പി. നെടുമങ്ങാട് തുടങ്ങിയവരും പ്രതിഷേധവും പിന്തുണയുമായി രംഗത്തെത്തി.

related stories