Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുവിന്റെ മരണത്തിൽ രാഷ്ട്രീയഭേദമില്ലാതെ നടപടിവേണം: എന്‍.ഷംസുദീൻ എംഎല്‍എ

N-Shamsudheen മണ്ണാർക്കാട് എംഎല്‍എ എന്‍.ഷംസുദീന്‍.

പാലക്കാട്∙ അട്ടപ്പാടി മുക്കാലിയിൽ ആദിവാസി യുവാവ് മർദനമേറ്റതിനെ തുടർന്നു ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ച സംഭവത്തിൽ വിശദീകരണവുമായി മണ്ണാർക്കാട് എംഎല്‍എ എന്‍.ഷംസുദീന്‍. അട്ടപ്പാടിയിലെ യുവാവിന്റെ മരണത്തില്‍ രാഷ്ട്രീയഭേദമില്ലാതെ നടപടിവേണമെന്ന് എന്‍.ഷംസുദീന്‍ ആവശ്യപ്പെട്ടു. കേസില്‍ ആരോപണവിധേയനായ യുവാവ് താനറിയുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകനല്ല. യുവാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടു തന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ പടം വച്ചുളള ആരോപണങ്ങള്‍ ശരിയല്ലെന്നും ഷംസുദീന്‍ അട്ടപ്പാടിയില്‍ പറഞ്ഞു.

അതേസമയം, മധുവിനെ മര്‍ദിക്കുന്നതിനിടെ സെല്‍ഫിയെടുത്ത ഉബൈദ് എന്നയാളുടെ നടപടി വന്‍വിര്‍മശനത്തിന് ഇടയാക്കി. ഒപ്പം ചിത്രത്തിലുള്ളവരുടെ രാഷ്ട്രീയബന്ധങ്ങളും പുറത്തുവന്നുതുടങ്ങി. എന്‍.ഷംസുദീന്‍ എംഎല്‍എയുടെ അനുയായി ഉബൈദ് ആണു സെല്‍ഫിയിലുള്ളതെന്നാണ് ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷംസുദീനുവേണ്ടി ഉബൈദ് പ്രചാരണം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഉബൈദ് തന്റെ അനുയായി അല്ലെന്നു ഷംസുദീന്‍ പ്രതികരിച്ചു.

വ്യാഴാഴ്ച വൈകുന്നേരമാണു കടുകുമണ്ണ ആദിവാസി ഊരിലെ മല്ലന്റെ മകൻ മധുവിനെ നാട്ടുകാരില്‍ ചിലര്‍ മോഷണക്കുറ്റം ആരോപിച്ചു ക്രൂരമായി തല്ലിച്ചതച്ചത്. കടകളില്‍നിന്നു സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച്, ഉടുത്തിരുന്ന മുണ്ടഴിച്ചു കയ്യില്‍ കെട്ടിയ ശേഷമായിരുന്നു മര്‍ദനം. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ചെയ്തു. മുഴുവൻ പ്രതികളെയും പിടിക്കുന്നതുവരെ അഗളി പൊലീസ് സ്റ്റേഷനു മുൻപിൽ രാപകൽ സമരം ആരംഭിക്കുമെന്ന് അട്ടപ്പാടി ആദിവാസി സംരക്ഷണ സമിതി അറിയിച്ചു.

കേസിൽ മജിസ്റ്റീരിയൽതല അന്വേഷണം നടത്തുമെന്നു മന്ത്രി എ.കെ.ബാലൻ അറിയിച്ചു. ഇതിനായി മണ്ണാർക്കാട് തഹസിൽദാരെ ചുമതലപ്പെടുത്തി. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മധുവിന്റെ കുടുംബത്തെ സഹായിക്കുമെന്നും മന്ത്രി അറിയിച്ചു. മുക്കാലി പാക്കുളത്തെ വ്യാപാരി കെ.ഹുസൈൻ, സംഘത്തിലുണ്ടായിരുന്ന പി.പി.കരീം എന്നിവരെ അഗളി പെ‍ാലീസ് അറസ്റ്റുചെയ്തു. മറ്റ് അഞ്ചു പേരെക്കൂടി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ 15 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണു പെ‍ാലീസ് നൽകുന്ന സൂചന. ഐജി എം.ആർ‌.അജിത് കുമാറിനാണ് അന്വേഷണ ചുമതല.