Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐ മന്ത്രിമാർ മണ്ടൻമാർ, കഴിവുകെട്ടവർ: വിമർശനവുമായി സിപിഎം സമ്മേളനം

cpm-state-conference-3 സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി

തൃശൂർ∙ സിപിഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. സിപിഐ മന്ത്രിമാർ മണ്ടൻമാർ ആണെന്നു പ്രതിനിധികൾ ആരോപിച്ചു. മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ടവരാണു സിപിഐ മന്ത്രിമാർ. ഒരു കഴിവുമില്ലാത്തവരെയാണു സിപിഐ മന്ത്രിമാരാക്കിയതെന്നും പൊതുചർച്ചയിൽ വിമർശനമുയർന്നു. കണ്ണൂരിലെ കൊലപാതകങ്ങൾക്കെതിരെ ഭൂരിപക്ഷം പ്രതിനിധികളും നിലപാടെടുത്തു.

സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന സ്വയംവിമർശനത്തിനു പിന്നാലെയാണു സിപിഎമ്മിന്റെ വിമർശനവും. കഴിഞ്ഞദിവസം സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു സിപിഐ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ധാര്‍മികതയ്ക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളാണു സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് എന്നായിരുന്നു സംസ്ഥാന എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളിൽ വിമര്‍ശനമുണ്ടായത്. മുന്നണി സംവിധാനത്തിന് അകത്തുനിന്ന് കെ.എം.മാണിയുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്നതു നിലവാരമില്ലാത്ത രീതിയാണ്. മാണിക്കെതിരെ എല്‍ഡിഎഫ് നടത്തിയ രാഷ്ട്രീയ സമരങ്ങളെ മറന്നുള്ള ഒത്തുതീർപ്പു ഫോര്‍മുലകൾ അംഗീകരിക്കാനാകില്ലെന്നും സിപിഐ വ്യക്തിമാക്കി.

കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ നിലപാടിൽ മാറ്റമില്ലാതെ തുടരുന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. ഓരോ ജില്ലയിൽനിന്നും ചർച്ചയിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരെയും യച്ചൂരിയുടെ നിലപാടിനെതിരെ അണിനിരത്താനാണു ഔദ്യോഗിക നീക്കം. നേരത്തേ, കരട് രാഷ്ട്രീയപ്രമേയം ചർച്ചയ്ക്കെടുത്ത പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ കേരളഘടകത്തിലെ നേതാക്കൾ പിബി അംഗം പ്രകാശ് കാരാട്ടിന്റെ നിലപാടിനൊപ്പമായിരുന്നു.