Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാൻ നിയമസഭയിൽ ‘പ്രേതബാധ’: യാഗം നടത്തണമെന്ന് എംഎൽഎമാർ

vasundhara-raje വസുന്ധര രാജെ

ജോധ്പുർ∙ രാജസ്ഥാനിലെ നിയമസഭാ കെട്ടിടത്തിൽ പ്രേതബാധയുണ്ടെന്ന ആരോപണവുമായി എംഎല്‍എമാർ. ബാധയൊഴിപ്പിക്കാൻ യാഗം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. സിറ്റിങ് എംഎൽഎമാരായ കീർത്തി കുമാരി, കല്യാൺ സിങ് എന്നിവർ ആറു മാസത്തിനകം മരിച്ചതാണ് ഇങ്ങനെയൊരു വിശ്വാസം രൂപപ്പെടാൻ കാരണം. ശ്മശാനമിരുന്ന സ്ഥലത്താണു നിയമസഭ പണിതത്. അതാണു പ്രേതബാധയുണ്ടാകാൻ കാരണമത്രേ.

ബിജെപി എംഎൽഎമാരായ ഹബീബുർ റഹ്മാനും കലുലാൽ ഗുർജറുമാണു മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയോടു നിയമസഭയിൽ വച്ച് ഇക്കാര്യം അറിയിച്ചത്. അതേസമയം, അന്ധവിശ്വാസം പരത്തുകയാണെന്നു വ്യക്തമാക്കി നിർദേശത്തോടു ചില എംപിമാർ എതിർപ്പ് അറിയിച്ചിട്ടുമുണ്ട്. ഇത്തരം ആരോപണം ഉന്നയിക്കുന്നവർ ദുർബലഹൃദയരാകാമെന്നാണു കോൺഗ്രസ് നേതാവ് ധീരജ് ഗുർജറുടെ അഭിപ്രായം.

നിയമസഭയിൽ പ്രേതബാധയുണ്ടെന്ന ചില എംഎൽഎമാരുടെ കാഴ്ചപ്പാട് അടിസ്ഥാനരഹിതമാണെന്ന് ബിജെപി എംഎൽഎ ബി. സിങ്ങും അറിയിച്ചു. ‘അങ്ങനെയൊരു വിശ്വാസം ഉണ്ടെങ്കിൽ ഒരുസമയത്ത് ഇവിടെ 200 എംഎൽഎമാർ ഒരിക്കലും ഉണ്ടാവില്ലായിരുന്നു. ഇക്കാര്യം മുൻനിർത്തിയുള്ള യാഗം ആവശ്യമില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.

ജ്യോതിനഗറിൽ 16.96 ഏക്കറിലാണു രാജസ്ഥാൻ നിയമസഭാ സമുച്ചയം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും ആധുനികമായ നിയമസഭാ മന്ദിരങ്ങളിൽ ഒന്നാണിത്. ഇതിനോടു തൊട്ടുചേർന്നാണു ലാൽ കോതി ശ്മശാനം സ്ഥിതി ചെയ്യുന്നത്.