Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുപണം കൊള്ളയടിക്കാൻ അനുവദിക്കില്ല; നീരവിനെതിരെ ശക്തമായ നടപടി: മോദി

Narendra-Modi-Nirav-Modi പ്രധാനമന്ത്രി നരേന്ദ്ര മോദി, തട്ടിപ്പുകാരൻ വജ്രവ്യാപാരി നീരവ് മോദി.

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പു കേസിൽ മൗനം വെടിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. പിഎൻബി തട്ടിപ്പുകേസിൽ ശക്തമായ നടപടിയുണ്ടാകും. പൊതുധനം കൊള്ളയടിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും മോദി പറഞ്ഞു. ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു മോദി. പൊതുപണം കൊള്ളയടിക്കുന്നതു സഹിക്കാനാവില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 

വജ്രവ്യാപാരി നീരവ് മോദി പിഎൻബിയിൽനിന്ന് 11,400 കോടി രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ മോദിയുടെ മൗനത്തെ പ്രതിപക്ഷം വിമർശിച്ചിരുന്നു. മോദിയുടെ ‘മൻ കി ബാത്ത് സാരോപദേശ’ത്തിൽ പിഎൻബി തട്ടിപ്പുകേസിനെക്കുറിച്ചും റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചുമാണു ജനങ്ങൾക്കറിയേണ്ടതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ പറഞ്ഞു. താൻ ജനങ്ങൾക്കു സ്വപ്നങ്ങൾ സമ്മാനിക്കുന്നുവെന്നു പറഞ്ഞാണു നീരവ് മോദി വജ്രങ്ങൾ വിറ്റത്. എന്നിട്ടു സർക്കാരിനെ ഉറക്കിക്കിടത്തി അയാൾ പണവുമായി സ്ഥലംവിട്ടു. ഏതാനും വർഷം മുൻപു മറ്റൊരു മോദിയും (പ്രധാനമന്ത്രി) ‘നല്ലദിന’ങ്ങൾ വാഗ്ദാനം ചെയ്തു സ്വപ്നങ്ങൾ വിറ്റെന്നും മോദിയെ രാഹുൽ വിമർശിച്ചിരുന്നു.

അതിനിടെ, പിഎൻബി തട്ടിപ്പു കേസിൽ നീരവ് മോദിയുടെ അമ്മാവൻ മെഹുൽ ചോക്സിയുടെ 1200 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചോക്സിയുടെ സ്ഥാപനമായ ഗീതാഞ്ജലി ജെംസിനു ഹൈദരാബാദ് പ്രത്യേക സാമ്പത്തികമേഖലയിലുള്ള വസ്തുവകകളാണു കണ്ടുകെട്ടിയത്. ചോക്സിയുടേതും നീരവ് മോദിയുടേതുമായി 94.5 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട്, ഓഹരി നിക്ഷേപങ്ങൾ മരവിപ്പിക്കുകയും ചെയ്തു. ഇതിൽ 86.72 കോടിയുടെ നിക്ഷേപവും ചോക്സിയുടേതാണ്. മുംബൈയിൽ മോദിയുടെ ഒൻപത് ആഡംബരക്കാറുകളും പിടിച്ചെടുത്തു. 

ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗില്ലി ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടറായ മലയാളി ശിവരാമൻ നായരുടെ വീട്ടിൽ സിബിഐ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മോദിയുടെയും ചോക്സിയുടെയും കമ്പനികളിലെ നൂറുകണക്കിനു ജീവനക്കാരുടെ ഭാവി പ്രതിസന്ധിയിലാണ്. നൂറിലേറെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചതിനു പിന്നാലെ ഇന്ത്യയിലെ ബിസിനസ് നിർത്തുകയാണെന്ന സൂചനകൾ ഇരുസ്ഥാപനങ്ങളും പുറത്തുവിട്ടു. 

related stories