Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണുകൾ ചോർത്തുന്നു: കെ.സുധാകരൻ

sudhakaran

കണ്ണൂർ∙ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോണുകൾ ചോർത്തുന്നതായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ. ആഭ്യന്തരവകുപ്പിന്റെ ഈ നടപടി അന്തസിനു ചേർന്നതല്ല. മാധ്യമപ്രവർത്തകരുടെയും കോൺഗ്രസ് നേതാക്കളുടെയും കോളുകളും ചോർത്തുന്നുണ്ട്. സിബിഐ അന്വേഷണം ഒഴിവാക്കാനാണു നീക്കമെന്നും സുധാകരൻ ആരോപിച്ചു.

അതേസമയം, സുധാകരന്റെ നിരാഹാര സമരം ആറാം ദിവസത്തിലേക്കു കടന്നു. ആരോഗ്യനില മോശമാണെങ്കിലും സമരം നിർത്തില്ലെന്ന നിലപാടിലാണു സുധാകരൻ. ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. പൊലീസ് അന്വേഷണത്തിൽ കോൺഗ്രസിന്റെ അതൃപ്തി തുടരുകയാണ്. കേസിലെ പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഇതരസംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിച്ചു. അറസ്റ്റിലായ പ്രതികളെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞതോടെ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും ആരംഭിച്ചു.

കൊലയാളി സംഘത്തിലെ മറ്റു പ്രതികളെ തേടി ബെംഗളൂരുവടക്കുള്ള നഗരങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആകാശ് തില്ലങ്കേരി, രജിൻ രാജ് എന്നിവരെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞതു പൊലീസിന് ആശ്വാസമായിട്ടുണ്ട്. ഇരുവരെയും ഉടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണു തീരുമാനം.