Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിന്റെ പ്രസംഗങ്ങൾക്ക് മൂർച്ചയേറും; മോദി തന്ത്രങ്ങള്‍ക്കെതിരെ കോൺഗ്രസിന്റെ ‘ബിഗ് ഡേറ്റ’

Author Details
Rahul-Gandhi-Data-Analytics ഡേറ്റ അനലിറ്റിക്സ് വിഭാഗത്തിനു തുടക്കം കുറിക്കുന്നതായി അറിയിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

തിരുവനന്തപുരം∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വരുതിയാലാക്കാൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും തുണയാകാൻ ഡേറ്റാ അനലിറ്റിക്സ് ഉൾപ്പടെയുള്ള പുതുസാങ്കേതികമേഖലകൾ. കഠിനമായ വിവരശേഖരങ്ങൾ കൊച്ചുകുട്ടിക്കു പോലും മനസിലാകുന്ന തരത്തിൽ ചിത്രീകരിക്കുകയാണ് ആദ്യപടി. നിലവിലുള്ള കോൺഗ്രസിന്റെ കംപ്യൂട്ടർ വിഭാഗം പുതിയ ഡേറ്റാ അനലിറ്റിക്സ് വിഭാഗവുമായി ലയിപ്പിച്ചു. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പുത്തൻ മാറ്റങ്ങൾ.

ഐഡിഎഫ്സി ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് സീനിയർ ഫെലോയും പൊളിറ്റിക്കൽ ഇക്കണോമിസ്റ്റുമായ പ്രവീൺ ചക്രവർത്തിയായിരിക്കും ഡേറ്റാ അനലിറ്റിക്സ് വിഭാഗത്തിന്റെ തലവൻ. വോട്ടർമാരുടെയും പാർട്ടിപ്രവർത്തകരുടെയും അഭിപ്രായങ്ങളും രാഷ്ട്രീയതാൽപര്യങ്ങളുമൊക്കെ തിരിച്ചറിയാൻ കഴിയുന്ന തരത്തിലായിരിക്കും സെല്ലിന്റെ പ്രവർത്തനമെന്നാണ് സൂചന.

ഏറ്റവും താഴേത്തട്ടിലുള്ള വോട്ടർമാരുടെയും ബൂത്ത് പ്രതിനിധികളുടെയും അഭിപ്രായങ്ങൾ ഇനി മുതൽ പാർട്ടിയുടെ തീരുമാനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തും. നിലവിൽ സംസ്ഥാന നേതാക്കളുടെ മാത്രം അഭിപ്രായങ്ങൾ അറിഞ്ഞാണ് ഒരിടത്തെ രാഷ്ട്രീയഅവസ്ഥ മനസിലാക്കുന്നതെന്ന പോരായ്മ മാറ്റുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കൃത്യമായ രാഷ്ട്രീയചിത്രം ദേശീയനേതാക്കൾക്കു ലഭ്യമാക്കുകയാണ് പദ്ധതി.

ഇനി ഡേറ്റ വച്ച് സംസാരം!

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങൾക്കു മൂർച്ച കൂട്ടാൻ കൃത്യമായ ഡേറ്റാ അപഗ്രഥന രീതികളും ഉപയോഗിക്കും. ഓരോ പ്രസംഗങ്ങളിലും അപഗ്രഥിച്ച വിവരങ്ങൾ  ചേർക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഏയ്ഞ്ചൽ നിക്ഷേപക സംഘമായ മുംബൈ ഏയ്ഞ്ചൽസിന്റെ സ്ഥാപകനാണ് പ്രവീൺ ചക്രവർത്തി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ആധാർ പദ്ധതിയുടെ ഭാഗമായിരുന്നു.

2016ൽ തമിഴ്നാട് സർക്കാരിന് ജിഎസ്ടി ഉപദേശകനായി. ഇൻവെസ്റ്റമെന്റ് ബാങ്കിങ് സ്ഥാപനമായ തോമസ് വീസെൽ പാർട്ട്നേഴ്സിന്റെയും ബിഎൻപി പാരിബയുടെയും മാനേജിങ് ഡയറക്ടറായിരുന്നു പ്രവീൺ. പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും ബിറ്റ്സ് പിലാനിയിൽ നിന്നു ബിരുദവും നേടിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് പ്രവീൺ മനസുതുറന്നപ്പോൾ...

∙ കോൺഗ്രസിന്റെ കംപ്യൂട്ടർ വിഭാഗം ഡേറ്റ അനലിറ്റിക്സ് വിഭാഗവുമായി ലയിപ്പിച്ചുകഴിഞ്ഞു. ജനങ്ങളെന്തു പ്രതീക്ഷിക്കണം?

ഡേറ്റയെന്നത് നിഷ്പക്ഷമായ ഒന്നാണ് . കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഡേറ്റയിൽ വിശ്വസിക്കുന്നയാളാണ്. അതിന്റെ സാധ്യതകളെന്തെന്നും അദ്ദേഹത്തിനു കൃത്യമായി അറിയാം. കുറേ ഡേറ്റ കയ്യിലുള്ളതുകൊണ്ടു മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണയും അദ്ദേഹത്തിനില്ല. കോൺഗ്രസിന്റെ ഭാവി തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ഈ ഡേറ്റ ഉപകാരപ്രദമായിരിക്കുമെന്നതിൽ സംശയമില്ല.

∙ 2019 തിരഞ്ഞെടുപ്പ് വരുതിയിലാക്കാൻ കോൺഗ്രസിന്റെ ആവനാഴിയിലെ അമ്പുകളിൽ ഒന്നാണിതെന്ന് പറയുന്നുണ്ടല്ലോ?

ലഭിക്കുന്ന വിവരങ്ങൾ കൃത്യമായി ക്രോഡീകരിച്ച് ഉപയോഗപ്രദമായ രൂപത്തിലാക്കി രാഹുൽ ഗാന്ധിക്കും ബന്ധപ്പെട്ടവർക്കും നൽകുകയാണ് ഞങ്ങളുടെ പ്രധാനദൗത്യം. ഇതിനായി ആധുനിക ഡേറ്റാ വിഷ്വലൈസേഷൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. വിപണിയിൽ അനലിറ്റിക്സ് ടൂളുകളും ഇതിനായി ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡേറ്റാ ഭംഗിയായി ചിത്രീകരിക്കുകയാണ് പ്രധാനലക്ഷ്യം.

∙ ബിഗ് ഡേറ്റാ ഉപയോഗം എങ്ങനെ?

ബിഗ് ഡേറ്റ എന്നത് സ്വകാര്യ വിവരങ്ങളല്ല. പൊതുവിടങ്ങളിൽ ലഭ്യമായ വലിയ അളവിലുള്ള വിവരശേഖരത്തെയാണ് ബിഗ് ഡേറ്റയെന്ന് വിളിക്കുന്നത്. ഇലക്ടറൽ ഡേറ്റ, വോട്ടർമാരുടെ സ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങൾ, സാമൂഹിക പരിണാമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയായിരിക്കും പരിധിയിൽ വരിക.‍

∙ ഏങ്ങനെയാണ് ഈ പദ്ധതിയുടെ ഭാഗമായത്? യുഐഡിഎഐയുമായി പ്രവർത്തിച്ച അനുഭവം മുതൽക്കൂട്ടായോ?

വലിയ വിവരശേഖരങ്ങൾ കൃത്യമായി അപഗ്രഥനം ചെയ്യാനുള്ള അനുഭവപാഠമാണ് എന്നെ ഈ ശ്രമത്തിന്റെ ഭാഗമാക്കിയത്. വലിയ ആവേശമാണ് ഇക്കാര്യത്തിൽ എല്ലാവർക്കും.

∙ കോൺഗ്രസുമായും രാഹുൽ ഗാന്ധിയുമായുമുള്ള ബന്ധം?

എന്നെ സംബന്ധിച്ച് കോ‍ൺഗ്രസിലേക്കുള്ള വരവ് വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു. ഏറ്റവും പ്രധാനമായി കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. രണ്ടാമതായി, എന്നെപ്പോലുള്ള പ്രഫഷനലുകളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാനുള്ള മനോഭാവവും കോൺഗ്രസിന്റെ മുഖമുദ്രയാണ്.

മൂന്നാമത്, രാഹുൽ ഇത്തരം മുന്നേറ്റങ്ങളിൽ വളരെയധികം പ്രതീക്ഷയർപ്പിക്കുന്നയാളാണ്. രാഹുലിനാണ് ഇതിന്റെ ക്രെഡിറ്റ് മുഴുവനും. അതേസമയം, ബിജെപി ഇക്കാര്യങ്ങളിൽ അങ്ങേയറ്റം അവജ്ഞ വച്ചുപുലർത്തുന്നതായാണു തോന്നിയിട്ടുള്ളത്.

∙ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലെ പ്രധാന ഇൻപുട്ട് ഡേറ്റ അനലിറ്റിക്സ് സെല്ലിൽ നിന്നായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ടല്ലോ?

ഞങ്ങളുടെ പ്രവർത്തനം പൂർണമായും പാർട്ടിക്കുള്ളിൽ നിന്നുകൊണ്ടായിരിക്കും. പാർട്ടി നേതൃത്വം ആയിരിക്കും ഞങ്ങളുടെ പ്രേക്ഷകർ. അവർക്കാണ് കൃത്യസമയങ്ങളിൽ ഞങ്ങൾ വിവരങ്ങൾ നൽകുന്നത്. പൊതുജനങ്ങളുമായി നേരിട്ടുള്ള സംവാദം ഡേറ്റ അനലിറ്റിക്സ് സെല്ലിനുണ്ടായിരിക്കില്ല. തീരുമാനങ്ങൾ എടുക്കുന്ന ഘട്ടങ്ങളിലും ഞങ്ങൾ നേരിട്ടു പങ്കാളികളായിരിക്കില്ല.

∙ എങ്ങനെയായിരിക്കും പ്രവർത്തനരീതി?

പ്രവർത്തനത്തെക്കുറിച്ചും രീതിയെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ല. ഞങ്ങൾക്ക് ഡേറ്റാ അനലിറ്റിക്സ് രംഗത്തുള്ള മികവ് കോൺഗ്രസ് പൂർണമായും പ്രയോജനപ്പെടുത്തുമെന്നു മാത്രം ഈ ഘട്ടത്തിൽ പറയാം.