Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളം തരാൻ പണമില്ല, വേറെ ജോലി നോക്കിക്കോളൂ: ജീവനക്കാരോട് ചോക്സി

Mohul-Choksi മൊഹുൽ ചോക്സി. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ സർക്കാർ പാസ്പോർട്ട് റദ്ദാക്കിയതിനു പിന്നാലെ, ശമ്പളം നൽകാൻ കഴിയില്ലെന്നു ജീവനക്കാരോടു മെഹുൽ ചോക്സി. പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പുകേസിൽപ്പെട്ട നീരവ് മോദിയുടെ അമ്മാവനാണു മെഹുൽ ചോക്സി. മെഹുൽ ചോക്സിയുടെ 1200 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. നൂറിലേറെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനു പിന്നാലെ ഇന്ത്യയിലെ ബിസിനസ് നിർത്തുകയാണെന്ന സൂചനകൾ ഇരുസ്ഥാപനങ്ങളും പുറത്തുവിട്ടു.

സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ ശമ്പളം നൽകാനാവില്ലെന്നു നീരവ് മോദിയും അറിയിച്ചിരുന്നു. ശമ്പളം ആവശ്യപ്പെട്ട് നീരവിന്റെ സ്ഥാപനങ്ങളിലെ എഴുനൂറോളം ജീവനക്കാർ സമരത്തിലാണ്. ഇതിനുപിന്നാലെയാണു തട്ടിപ്പിൽ പങ്കാളിയായ മൊഹുൽ ചോക്സിയും ജീവനക്കാരെ കൈവിട്ടത്. നൂറുകണക്കിനു ജീവനക്കാരാണു ചോക്സിയുടെ സ്ഥാപനങ്ങളിലും ജോലിയെടുക്കുന്നത്.

രണ്ടു പേജ് കത്താണു ജീവനക്കാരെ അഭിസംബോധന ചെയ്ത് ചോക്സി അയച്ചിട്ടുള്ളത്. തട്ടിപ്പുകേസിൽ തന്നെ കുടുക്കിയതാണെന്നും നീതിരഹിതമായാണു പെരുമാറുന്നതെന്നും ചോക്സി പറയുന്നു. യുക്തിരഹിതമായ അന്വേഷണം തന്നെ അരക്ഷിതനാക്കുന്നു, ഭയപ്പെടുത്തുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണ്. സർക്കാരും അന്വേഷണ ഏജൻസികളും ചേർന്നു തന്റെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം താറുമാറാക്കി. നിരപരാധിത്വം തെളിയിക്കാൻ സമയമേറെ എടുക്കും.

ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ തനിക്കിപ്പോൾ സാധ്യമല്ല. ജീവനക്കാർ പുതിയ ജോലി കണ്ടുപിടിക്കുന്നതാണു നല്ലത്. ശമ്പളം മാത്രമല്ല, വൈദ്യുതി ബിൽ, അറ്റകുറ്റപ്പണി ചെലവ് തുടങ്ങിയവയും എങ്ങനെ അടയ്ക്കുമെന്ന് അറിയാൻ വയ്യ. ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള കംപ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ ശമ്പളാനുകൂല്യങ്ങൾ കിട്ടുംവരെ കൈവശം വയ്ക്കാം. തൊഴിലാളികൾക്കു റിലീവിങ് ലെറ്ററും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും എച്ച്ആർ വിഭാഗം ഉടൻ നൽകണമെന്നും കത്തിൽ ചോക്സി ആവശ്യപ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിലൊന്നാണു നീരവും ചോക്സിയും ചേർന്നു നടത്തിയത്. 11,400 കോടി രൂപയാണ് ഇവർ തട്ടിച്ചത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണെന്നും ഇരുവരും ന്യായീകരിക്കുന്നു. അതിനിടെ, പിഎൻബി തട്ടിപ്പിൽ മൗനം ഭഞ്ജിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പൊതുപണം കൊള്ളയടിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

മൊഹുൽ ചോക്സിയുടെ സ്ഥാപനമായ ഗീതാഞ്ജലി ജെംസിനു ഹൈദരാബാദ് പ്രത്യേക സാമ്പത്തികമേഖലയിലുള്ള വസ്തുവകകളാണു കഴിഞ്ഞദിവസം കണ്ടുകെട്ടിയത്. ചോക്സിയുടേതും നീരവ് മോദിയുടേതുമായി 94.5 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട്, ഓഹരി നിക്ഷേപങ്ങളും മരവിപ്പിച്ചു. ഇതിൽ 86.72 കോടിയുടെ നിക്ഷേപവും ചോക്സിയുടേതാണ്. മുംബൈയിൽ മോദിയുടെ ഒൻപത് ആഡംബരക്കാറുകളും പിടിച്ചെടുത്തു.

നീരവ് മോദിയുടെ 44 കോടി രൂപയുടെ സ്വത്തുക്കൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ചോദ്യംചെയ്യലിനു തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പട്ടു നീരവ് മോദിയുടെ ഭാര്യ ആമിക്കു സമൻസ് അയച്ചു. അന്നുതന്നെ ഹാജരാകാൻ നീരവിനും ബിസിനസ് പങ്കാളിയായ അമ്മാവൻ മെഹുൽ ചോക്സിക്കും സമൻസ് അയച്ചിട്ടുണ്ട്. അതിനിടെ, ചോക്സി ദക്ഷിണ മുംബൈ ഫോർട്ടിലെ ജമ്മു-കശ്മീർ ബാങ്ക് ശാഖയിൽ 152 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വിവരവും പുറത്തായി.