Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂള്‍ കുട്ടികൾക്കിടയിലേക്ക് വാഹനം പാഞ്ഞു കയറി; ഒൻപത് കുരുന്നുകൾക്ക് ദാരുണാന്ത്യം

Bihar-Accident അപകടത്തെത്തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രിയിലെത്തിയപ്പോൾ. (ചിത്രം: എഎൻഐ)

മുസാഫർപുർ∙ ബിഹാറിൽ സ്കൂൾ കുട്ടികൾക്കിടയിലേക്ക് എസ്‌യുവി പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഒൻപതു കുരുന്നുകൾക്ക് ദാരുണാന്ത്യം. 24 പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. സംഭവത്തെത്തുടർന്ന് എസ്‌യുവിയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

മരിച്ച കുട്ടികളുടെ വീട്ടുകാർക്ക് താത്കാലിക നഷ്ടപരിഹാരമായി നാലു ലക്ഷം രൂപ വീതം അനുവദിച്ചെന്നു മുഖ്യമന്ത്രി നിതിഷ് കുമാർ പറഞ്ഞു. അതിനിടെ, മദ്യപിച്ചു വാഹനമോടിച്ചതാണ് അപകടത്തിനു കാരണമായതെന്ന് മിനാപുരിലെ ആർജെഡി എംഎൽഎ മുന്ന യാദവ് വിമർശിച്ചു. നിരോധനമുണ്ടെന്നു പറഞ്ഞിട്ടും സംസ്ഥാനത്ത് മദ്യം നിർലോഭം ഒഴുകുകയാണെന്നും എംഎൽഎ വിമർശിച്ചു.

ധരംപുർ ഗവ.മിഡിൽ സ്കൂളിലെ വിദ്യാർഥികൾ സ്കൂള്‍ വിട്ടു പുറത്തിറങ്ങുമ്പോൾ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ദേശീയ പാത 77നോടു ചേർന്നാണ് സ്കൂൾ. സ്കൂൾ വിട്ട് ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം നിയന്ത്രണം വിട്ട് കുട്ടികളെ ഇടിച്ചിടുകയായിരുന്നു. ഒൻപതു പേരും തത്ക്ഷണം മരിച്ചു. കുട്ടികളുടെ ശരീരഭാഗങ്ങൾ റോഡിൽ ചിതറിയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പരുക്കേറ്റവരെ പ്രവേശിപ്പിച്ച ശ്രീകൃഷ്ണ മെഡിക്കൽ കോളജിലും ദാരുണ രംഗങ്ങളാണ്. മിനാപുർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ ഡ്രൈവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. പരുക്കേറ്റവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കാനും നിതിഷ് കുമാറിന്റെ നിർദേശമുണ്ട്.

പ്രതിക്കായി തിരച്ചിൽ ആരംഭിച്ചെന്ന് പൊലീസ് മുസാഫര്‍പുർ സൂപ്രണ്ട് വിവേക് കുമാർ അറിയിച്ചു. സംഭവത്തെ ഗവർണർ സത്യപാൽ മാലിക് അപലപിച്ചു. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് വൻ അപകടം സംസ്ഥാനത്തുണ്ടാകുന്നത്. വിവാഹസംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് ഫെബ്രുവരി 19ന് പാട്നയിൽ കൊല്ലപ്പെട്ടതു പത്തു പേരാണ്.