Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ചു; മണ്ണാർക്കാട് ഇന്ന് ഹർത്താൽ

mannarkad-death സഫീറിന്റെ കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് തടിച്ചുകൂടിയവർ. കൊല്ലപ്പെട്ട സഫീർ ഇൻസെറ്റിൽ.

മണ്ണാർക്കാട്∙ പാലക്കാട് മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കുന്തിപ്പുഴ സ്വദേശി സഫീർ (22) ആണു കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒൻപതോടെയാണു സംഭവം. സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘമാണ് കൊല നടത്തിയതെന്നാണു സൂചന. മണ്ണാർക്കാട് നഗരസഭാ കൗൺസിലർ സിറാജിന്റെ മകനാണ് കൊല്ലപ്പെട്ട സഫീർ.

Safeer Murder ആശുപത്രിയിൽ തടിച്ചു കൂടിയ പ്രദേശവാസികൾ. ചിത്രം: മനോരമ

സഫീറിനെ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഫീറിനും കുടുംബത്തിനും നേരെ നേരത്തേയും ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വൻ സംഘർഷാവസ്ഥയാണ്. ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു. മണ്ണാർക്കാട് തിങ്കളാഴ്ച ലീഗ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചു. സംഭവത്തിനു പിന്നിൽ സിപിഐ ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. കുന്തിപ്പുഴയിലെ മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഐ– ലീഗ് തർക്കം നിലനിൽക്കുന്നുണ്ട്.