Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോട്ടം മേഖലയില്‍ വേതനം നേരിട്ട് നല്‍കാന്‍ നടപടി: മുഖ്യമന്ത്രി

Pinarayi-Vijayan-FB മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙ തോട്ടം തൊഴിലാളികള്‍ക്കു വേതനം നേരിട്ട് നല്‍കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ബാങ്ക് വഴിയാണു തൊഴിലാളികള്‍ക്കു കൂലി വിതരണം ചെയ്യുന്നത്. ഇത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. തോട്ടം മേഖലയില്‍ എടിഎം കൗണ്ടറുകള്‍ ഇല്ലാത്തതിനാല്‍ ഏറെ ദൂരം യാത്രചെയ്താണ് തൊഴിലാളികള്‍ പണം എടുക്കുന്നത്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടികൾ സ്വീകരിക്കും. 

തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തോട്ടം തൊഴിലാളികള്‍ക്കും വിരമിച്ച തൊഴിലാളികള്‍ക്കും സ്വന്തമായി വീട് നല്‍കുമെന്ന പ്രഖ്യാപനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വീടു നിര്‍മിക്കുന്നതിനുളള ചെലവിന്‍റെ പകുതി ഉടമകള്‍ വഹിക്കണം എന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. സ്വന്തമായി സ്ഥലമില്ലാത്ത തൊഴിലാളികളുടെ കാര്യത്തില്‍ തോട്ടം ഉടമകള്‍ സ്ഥലം ലഭ്യമാക്കണം. ഭവനപദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തോട്ടം ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. റീപ്ലാന്‍റേഷനു വേണ്ടി റബ്ബര്‍ മരങ്ങള്‍ മുറിക്കുമ്പോള്‍ സീനിയറേജ് ഈടാക്കുന്ന വ്യവസ്ഥ മാറ്റണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 

യോഗത്തില്‍ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരും തൊഴിലാളി നേതാക്കളും പങ്കെടുത്തു.

related stories