Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലം ട്രിനിറ്റി സ്കൂളിന്റെ എൻഒസി റദ്ദാക്കാൻ സർക്കാരിന് ശുപാർശ

trinity-lyceum-school ട്രിനിറ്റി ലൈസിയം സ്കൂൾ

കൊല്ലം∙ ട്രിനിറ്റി  ലൈസിയം സ്കൂളിന്റെ എൻഒസി റദ്ദാക്കാൻ ശുപാർശ. എൻഒസി റദ്ദാക്കണമെന്ന കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ശ്രീകലയുടെ റിപ്പോർട്ട് അംഗീകരിച്ചാണു നടപടി. ഇതു സംബന്ധിച്ച‌ ശുപാർശ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനു സമർപ്പിച്ചു. ബാലാവകാശ കമ്മിഷനും ശ്രീകല റിപ്പോർട്ട് നൽകിയിരുന്നു.

സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്നാണു നടപടി. അടുത്ത അധ്യയന വർഷം എന്‍ഒസി റദ്ദു ചെയ്യണമെന്നാണ് ശ്രീകല ശുപാർശ നൽകിയിരുന്നത്. സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു കൂട്ടം അധ്യാപകർ നയിക്കുന്ന ക്ലാസുകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാത്തതു സമൂഹത്തിന് ആപത്താണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൗരിയുടെ മരണത്തെ തുടർന്നു സസ്പെൻഡ‍് ചെയ്തിരുന്ന അധ്യാപികമാരെ കേക്ക് മുറിച്ചു തിരിച്ചെടുത്തതിന്റെ തുടര്‍ചലനമാണ് എൻഒസി റദ്ദാക്കാനുള്ള ശുപാർശ. പ്രിന്‍സിപ്പലിനെ മാറ്റി നിര്‍ത്തണമെന്നു വിദ്യഭ്യാസ ഉപഡയറക്ടർ ട്രിനിറ്റി സ്കൂള്‍ മാനേജ്മെന്റിനോടു നിർദേശിച്ചിരുന്നു. എന്നാൽ, ഡിഡിഇ നൽകിയ നോട്ടിസ് വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതും വർഗീയവാദികളെ പ്രോൽസാഹിപ്പിക്കുന്നതാണെന്നും ആയിരുന്നു മാനേജ്മെന്റ് ഇക്കാര്യത്തിൽ ആദ്യം സ്വീകരിച്ച നിലപാട്.

വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടിസിനു ഗുരുതരമായ ആരോപണങ്ങൾ ഉൾപ്പെടുത്തി മറുപടി നൽകിയതും വിദ്യാഭ്യാസ വകുപ്പിനെ ചൊടിപ്പിച്ചു. പിന്നാലെ സ്കൂളിന്റെ പ്രിൻസിപ്പലായിരുന്ന ഷെവലിയാര്‍ ജോണിനെ മാറ്റി പകരം ഫാ. സില്‍വി ആന്റണിയെ നിയോഗിക്കുകയും ചെയ്തു.