Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് സെക്രട്ടറിയെ മർദ്ദിച്ചെന്ന പരാതി; മന്ത്രിമാരെ 'ലൈവ്' ആക്കാൻ ആം ആദ്മി സർക്കാർ

aravind-kejriwal ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ

ന്യൂഡൽഹി∙ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ എംഎൽഎമാർ മർദ്ദിച്ചെന്ന പരാതിക്കു പിന്നാലെ നിർണായക നീക്കവുമായി ആം ആദ്മി സർക്കാർ. എല്ലാ മന്ത്രിമാരുടെയും പരിപാടികളും യോഗങ്ങളും ‘ലൈവാ’യി ജനങ്ങളിലേക്കെത്തിക്കാനാണ് സർക്കാർ ആലോചന. ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദിച്ചെന്ന തരത്തിൽ ഉയർന്ന പരാതികൾ തടയുകയാണ് പുതിയ നീക്കത്തിനു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു.

മന്ത്രിമാരുടെ പരിപാടികളുടെ ലൈവ് ഫീ‍‍ഡ് ഇനി മുതൽ വെബ്സൈറ്റിൽ ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. തീരുമാനമായാൽ അടുത്ത ബജറ്റിൽ ഇതിനായി പ്രത്യേക ഫണ്ട് നീക്കിവെക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗങ്ങളിൽ എന്താണു ചെയ്യുന്നതും പറയുന്നതും എന്ന കാര്യം ജനത്തിലേക്കു നേരിട്ടെത്തിക്കാനാണ് ഈ നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 

ഫെബ്രുവരി 19ന് മുഖ്യമന്ത്രിയുടെ വീട്ടിൽ‌ നടന്ന സംഭവത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മാപ്പു പറയുന്നതു വരെ മന്ത്രിമാരുമായി എഴുത്തിലൂടെയുള്ള മാത്രം ഇടപാടുകൾ നടത്തുമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. സർക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മന്ത്രി രാജേന്ദർ പാൽ ഗൗതം ഇടനിലക്കാരനായുള്ള നീക്കങ്ങളും പരാജയപ്പെട്ടു. ഉദ്യോഗസ്ഥർ‌ സ്വീകരിക്കുന്ന നിലപാടുകൾ തെറ്റാണെന്നും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ക്രിയാത്മക സമീപനമെടുക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇത് ഉദ്യോഗസ്ഥർ‌ തള്ളി. 

ചീഫ് സെക്രട്ടറിയെ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റു ചെയ്ത ആം ആദ്മി എംഎൽഎമാരായ പ്രകാശ് ജർവാൾ, അമാൻതുല്ല ഖാൻ എന്നിവർക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് ആം ആദ്മി നേതാവ് അശുതോഷ് പറഞ്ഞു. തെളിവുകളൊന്നുമില്ലാതെ എംഎൽഎമാരെ അറസ്റ്റു ചെയ്തവർക്കു മന്ത്രിയെ ആക്രമിച്ചതിൽ എന്താണു പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. ആം ആദ്മി മന്ത്രി ഇമ്രാൻ ഹുസൈനും ഡൽഹി ‍ഡയലോഗ് കമ്മീഷൻ വൈസ് ചെയര്‍മാൻ ആശിഷ് കേതനും നേരെ 20 ന് ഡൽ‌ഹി സെക്രട്ടേറിയറ്റിൽ‌ കൈയ്യേറ്റം നടന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിനു കൈമാറി. സർക്കാരിന്റെ എല്ലാ യോഗങ്ങളും ബഹിഷ്കരിക്കാൻ സർക്കാർ തലത്തിലെ ഉന്നതോദ്യോഗസ്ഥർ നേരത്തെ തീരുമാനിച്ചിരുന്നു.