Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവിന്റെ വായ്പകൾ കിട്ടാക്കടങ്ങളാക്കി; തട്ടിപ്പുത്തുക 20,000 കോടി കവിഞ്ഞേക്കും

Nirav-Modi-1

ന്യൂഡൽഹി ∙ വജ്രവ്യാപാരി നീരവ് മോദിയും ബിസിനസ് പങ്കാളി മെഹുൽ ചോസ്കിയും ഉൾപ്പെട്ട ബാങ്ക് തട്ടിപ്പ് 20,000 കോടി കവിഞ്ഞേക്കുമെന്നു റിപ്പോർട്ട്. ഇരുവർക്കും വായ്പകൾ നൽകിയ മറ്റു 16 ബാങ്കുകളിൽനിന്നു കൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദാംശങ്ങൾ തേടി. പിഎൻബിയിൽ ഇവർ നടത്തിയ 11,300 കോടി രൂപയുടെ വായ്പാത്തട്ടിപ്പാണ് ഇപ്പോൾ സിബിഐയും ഇഡിയും അന്വേഷിക്കുന്നത്.

സമീപവർഷങ്ങളിൽ മറ്റു ബാങ്കുകൾ നൽകിയ വായ്പകൾ, അതിനു നൽകിയ ഈട്, ഇപ്പോഴത്തെ സ്ഥിതി തുടങ്ങിയ വിവരങ്ങളാണ് കേന്ദ്ര ഏജൻസി ശേഖരിക്കുന്നത്. മറ്റു ബാങ്കുകൾ 5000–10,000 കോടി രൂപയുടെ വായ്പകൾ നൽകിയിട്ടുണ്ടാകുമെന്നാണു സൂചന. ഇതിൽ പലതും കിട്ടാക്കടങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. വായ്പത്തുകയുടെ 12 ശതമാനം മാത്രം മൂല്യമുള്ള വസ്തുവകകൾ ഈടായി സ്വീകരിച്ചാണ് കോടികൾ നൽകിയിട്ടുള്ളതെന്നും വായ്പയെടുത്ത സ്ഥാപനങ്ങളിൽ മിക്കവയും നാമമാത്ര ലാഭത്തിൽ പ്രവർത്തിച്ചിരുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

2017 മാർച്ച് 31 വരെ മെഹുൽ സി. ചോക്സിയും കമ്പനികളും ചേർന്നു 3000 കോടിയുടെ 37 ബാങ്ക് വായ്പകൾ എടുത്തിട്ടുണ്ടെന്നാണു വിവരം. 17 ബാങ്കുകൾ മോദിയുടെ സ്ഥാപനങ്ങൾക്കു 3000 കോടിയുടെ കടം വേറെയും നൽകി. ഇതിൽ സെൻട്രൽ ബാങ്ക് (194 കോടി), ദേനാ ബാങ്ക് (153.25 കോടി), വിജയ ബാങ്ക് (150.15 കോടി), ബാങ്ക് ഓഫ് ഇന്ത്യ (127 കോടി), സിൻഡിക്കേറ്റ് ബാങ്ക് (125 കോടി), ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് (120 കോടി), യുബിഐ (110 കോടി), ഐഡിബിഐ ബാങ്ക്, അലഹാബാദ് ബാങ്ക് (110 കോടി വീതം) എന്നിവ ഉൾപ്പെടുന്നു.