Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാൾ ടിക്കറ്റ് എടുത്തു മുങ്ങിയാൽ പിഎസ്‌സി പിഴയിടും

PSC

തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കുകയും ഹാൾ ടിക്കറ്റ് ഡൗൺലോ‍ഡ് ചെയ്ത് എടുക്കുകയും ചെയ്ത ശേഷം പരീക്ഷയ്ക്ക് എത്താതെ കമ്മിഷനു നഷ്ടം വരുത്തി വയ്ക്കുന്ന ഉദ്യോഗാർഥികളിൽ നിന്നു പിഴ ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നു പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ. സ്ഥിരമായി ഇങ്ങനെ വിട്ടു നിൽക്കുന്നവരെ പരീക്ഷയെഴുതുന്നതിൽ നിന്നു വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ആലോചിക്കുന്നുണ്ട്.

ഒരു ഉദ്യോഗാർഥിക്കു പരീക്ഷ നടത്തുന്നതിനു പിഎസ്‌‍സിക്ക് 500 രൂപയിലേറെ ചെലവു വരുന്നുണ്ട്. ആരിൽ നിന്നും ഒരു പൈസ പോലും വാങ്ങുന്നില്ല. ലക്ഷക്കണക്കിന് ആളുകൾ അപേക്ഷിക്കുന്ന പരീക്ഷകൾക്കു പകുതിപ്പേർ പോലും എത്താത്ത സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതു പരീക്ഷയ്ക്കു 30 ദിവസം മുമ്പെങ്കിലും ആക്കും. ഇതു ഫലപ്രദമാകണമെങ്കിൽ ഹാൾ ടിക്കറ്റ് എടുത്തിട്ടും പരീക്ഷയ്ക്കു വരാത്തവർക്കു പിഴ ചുമത്തണം.

പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന എല്ലാവരിൽ നിന്നും നിശ്ചിത ഫീസ് വാങ്ങിയ ശേഷം പരീക്ഷയ്ക്ക് എത്തുന്നവർക്ക് അതു തിരികെ നൽകുന്നതാണു പരിഗണനയിലുള്ള മാർഗം. കൂടുതൽ പേർ അപേക്ഷിക്കുന്ന പരീക്ഷകൾക്കു രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തുകയെന്ന പിഎസ്‌സിയുടെ പരിഷ്കാരം കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെഎഎസ്) പരീക്ഷയിലായിരിക്കും ആദ്യം നടപ്പാക്കുക. ഒബ്ജക്ടിവ് രീതിയിലുള്ള പ്രാഥമിക പരീക്ഷ പാസാകുന്നവർക്കായി വിവരണാത്മക പരീക്ഷ നടത്തും. തുടർന്ന് ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും കെഎഎസിലേക്കുള്ള റാങ്ക് പട്ടിക തയാറാക്കുക.

കെഎഎസ് പരീക്ഷയുടെ സിലബസും പരീക്ഷാ രീതിയും രണ്ടു മാസത്തിനുള്ളിൽ തീരുമാനിക്കും. കുറ്റമറ്റ രീതിയിൽ നടപ്പാക്കണമെന്നതിനാലാണു ധൃതി പിടിക്കാത്തത്. ഉപസമിതി സിലബസ് തയാറാക്കിയിട്ടുണ്ട്. യുപിഎസ്‌സിയുടെ സിലബസിനൊപ്പം നിൽക്കുന്നതാണിത്. ഇതിൽ വിജയിക്കുന്നയാൾക്ക് ഐഎഎസ് പരീക്ഷയും പാസാകാൻ സാധിക്കും. സമാന സ്വഭാവമുള്ള തസ്തികകളിലേക്കുള്ള പരീക്ഷകൾ ഒന്നിച്ചു നടത്താനാണു പിഎസ്‌സിയുടെ തീരുമാനം.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു പരീക്ഷയേ അടുത്ത തവണ ഉണ്ടാകൂ. ചിങ്ങം ഒന്നു മുതൽ മലയാളം ചോദ്യങ്ങൾ ഉൾപ്പെടുത്താനല്ല, അന്നു മുതൽ ഇറങ്ങുന്ന വിജ്ഞാപനങ്ങൾ അനുസരിച്ചുള്ള പരീക്ഷകൾക്കു മലയാളം ചോദ്യങ്ങൾ ഉൾപ്പെടുത്താനാണു തീരുമാനിച്ചിരുന്നത്. ഇതനുസരിച്ചുള്ള പരീക്ഷകൾ വരാൻ പോകുന്നതേയുള്ളൂവെന്നും ചെയർമാൻ അറിയിച്ചു.