Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണിയുടെ ബജറ്റ് അവതരണത്തിനിടെ കയ്യാങ്കളി: കേസ് പിൻവലിച്ച് സർക്കാർ

assembly-budget-crisis

തിരുവനന്തപുരം∙ 2015ൽ ബജറ്റ് ദിനത്തിൽ നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് സർക്കാർ പിൻവലിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ആറ് എൽഡിഎഫ് എംഎൽഎമാർക്കെതിരായ കേസാണു പിൻവലിച്ചത്. കേസിൽ പ്രതിയായ വി.ശിവൻകുട്ടിയുടെ അപേക്ഷ പരിഗണിച്ചാണു തീരുമാനം. ഇതു സംബന്ധിച്ചു സർക്കാർ നിയമോപദേശം തേടിയിരുന്നു.

2015 മാർച്ചിലാണു കേസിനാസ്പദമായ സംഭവം. ബാർ കോഴക്കേസിൽ ആരോപണവിധേയനായ അന്നത്തെ മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ രണ്ടുലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. ശിവൻകുട്ടിക്കു പുറമെ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നിവരാണു പ്രതിസ്ഥാനത്ത്.

കേസ് അനാവശ്യമാണെന്നും രാഷ്ട്രീയവൈരാഗ്യം തീർക്കാൻ ഉപയോഗിച്ചെന്നും കത്തിൽ ശിവൻകുട്ടി ആരോപിച്ചു. പൗരൻ എന്ന നിലയിലുള്ള നിയമപരമായ അവകാശം ഉപയോഗിച്ചാണു മുഖ്യമന്ത്രിക്കു പരാതി നൽകിയതെന്നു ശിവൻകുട്ടി ഇതേക്കുറിച്ചു പ്രതികരിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷിച്ച േകസിൽ ആറു പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യം എടുക്കുകയും ചെയ്തു. അനുകൂല നിയമോപദേശം ലഭിച്ചാൽ കേസ് പിൻലിക്കുന്നതായി കോടതിയെ അറിയിക്കും.