Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലനിരകളിൽ ഫെൻ ഒളിപ്പിച്ച ‘നിധിപ്പെട്ടി’ തേടി സാഹസിക യാത്ര; നാലാമനും കൊല്ലപ്പെട്ടു

Forest Fenn Treasure ഫോറസ്റ്റ് ഫെൻ (ഇടത്) മലനിരകളിൽ ഒളിപ്പിച്ചിരിക്കുന്നതായി ഫെൻ പറഞ്ഞിരിക്കുന്ന നിധിയുടെ ചിത്രം (വലത്)

മലനിരകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കോടിക്കണക്കിനു രൂപ മൂല്യമുള്ള നിധി. അതു തേടിയെത്തുന്നവരെല്ലാം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. സിനിമാക്കഥയല്ല, യഥാർഥത്തിൽ സംഭവിക്കുന്നതാണ്. വടക്കേ അമേരിക്കയിലെ റോക്കി മൗണ്ടൻസിലാണു കോടീശ്വരനായ ഫോറസ്റ്റ് ഫെൻ 20 ലക്ഷം ഡോളർ (ഏകദേശം 13 കോടി ഇന്ത്യൻ രൂപ) മൂല്യമുള്ള നിധി ഒളിപ്പിച്ചു വച്ചിരിക്കുന്നതായി അറിയിച്ചിരിക്കുന്നത്. 2010ലായിരുന്നു പ്രഖ്യാപനം. അന്നുമുതൽ ആയിരക്കണക്കിനു പേരാണു റോക്കീസ് എന്നറിയപ്പെടുന്ന ഈ പർവതനിരകളിലേക്കു നിധി തേടി എത്തിക്കൊണ്ടിരിക്കുന്നത്.

4800 കിലോമീറ്റര്‍ നീളത്തിലുള്ള റോക്കീസിന്റെ ന്യൂ മെക്സിക്കോ, കൊളറാഡോ, മോണ്ടാന തുടങ്ങിയ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പർവത നിരകളിലാണു നിധിവേട്ടക്കാരുടെ പ്രധാന അന്വേഷണം. നിധി തേടിയെത്തി കൊല്ലപ്പെട്ടവരിൽ നാലാമന്റെ വിവരവും കഴിഞ്ഞദിവസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Read: പത്മനാഭസ്വാമി ക്ഷേത്രത്തേക്കാളും നിധിശേഖരം; കാവലിന് ‘രഹസ്യസൈന്യം’, വിഷംചീറ്റുന്ന പാമ്പുകൾ

ഒരു ചാനൽ വിവരാവകാശ നിയമ പ്രകാരം നേടിയെടുത്ത രേഖയിലാണു ജെഫ് മർഫിയെന്ന അൻപത്തിമൂന്നുകാരൻ നിധി തേടിപ്പോയി കൊല്ലപ്പെട്ടതാണെന്നു വ്യക്തമാക്കിയിട്ടുള്ളത്. റോക്കീസിന്റെ ഭാഗമായുള്ള യെലോ നാഷനൽ പാർക്ക് അധികൃതരാണു വിവരം പുറത്തുവിട്ടത്. നിധിയെക്കുറിച്ച് അന്വേഷിച്ചു ഫെന്നിനു മർഫി ഇമെയിൽ അയച്ചിരുന്നതായും യെലോ സ്റ്റോൺ നാഷനൽ പാർക്ക് അധികൃതർക്ക് അറിവുണ്ടായിരുന്നു.

നിധി എവിടെയാണുള്ളതെന്നു സംബന്ധിച്ച് ഒൻപതു സൂചനകൾ താൻ നൽകിയിട്ടുണ്ടെന്നാണു ഫെൻ പറയുന്നത്; അതും 24 വരികളുള്ള ഒരു പദ്യത്തിലൂടെ. ദ് ത്രിൽ ഓഫ് ദ് ചേസ്, ടൂ ഫാർ ടു വാക്ക് എന്നീ പുസ്തകങ്ങളും ഫെന്നിന്റേതായുണ്ട്. 2010 ലിറങ്ങിയ ‘ത്രിൽ ഓഫ് ദ് ചേസ്’ അദ്ദേഹത്തിന്റെ ആത്മകഥാപരമായ പുസ്തകമാണ്. ഇതിലാണു സൂചനകൾ.

ചൂടുനീരുറവയുള്ള ഒരു മേഖലയിൽ നിന്നു വേണം യാത്ര തുടങ്ങാൻ എന്നാണു ഫെൻ നൽകിയ പദ്യത്തിലെ ആദ്യസൂചന. എന്നാൽ ഇതു നേരിട്ടുള്ള സൂചനയല്ലെന്നും വരികൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന യാഥാർഥ്യം കണ്ടെത്തേണ്ടതുണ്ടെന്നും വിശ്വസിക്കുന്നവരേറെ. സ്വർണവും രത്നക്കല്ലുകളും വിലയേറിയ കരകൗശല വസ്തുക്കളും ഉൾപ്പെടുന്നതാണു നിധിയെന്നു ഫെൻ പറയുന്നു.

മരണം മാടി വിളിക്കുന്ന നിധിവേട്ട

കൊല്ലപ്പെട്ട മർഫി യാത്രകളെയും സാഹസികതയെയും ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു. ഫൊട്ടോഗ്രഫർ കൂടിയായ ഇദ്ദേഹത്തെ കാണാനില്ലെന്ന് 2017 ജൂൺ എട്ടിനാണു ഭാര്യ പരാതി നൽകിയത്. പിറ്റേന്നു തന്നെ റോക്കി മലനിരകളില്‍നിന്നു മൃതദേഹം കണ്ടെത്തി. മലനിരകളിലെ കുത്തനെയുള്ള കൊടുമുടികളിലൊന്നിൽ കയറുന്നതിനിടെ 500 അടി മുകളിൽനിന്നു വീണായിരുന്നു മർഫിയുടെ മരണം. ഇതിനു മുൻപു നിധി തേടിപ്യിപോ കൊല്ലപ്പെട്ടതു മൂന്നു പേരാണ്.

Read: ബഹിരാകാശത്ത് ഒഴുകി നടക്കുന്നത് കോടികളുടെ ‘നിധി’; സ്വന്തമാക്കാൻ നാസയും ചൈനയും..

2016 ജനുവരി ഒന്നിനു കാണാതായ റാൻഡി ബില്യു ആയിരുന്നു അതിലൊരാൾ. ഇദ്ദേഹത്തിന്റെ അസ്ഥികൂടം ആ വർഷം ജൂലൈയിൽ കണ്ടെത്തി. എങ്ങനെയാണു മരിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത. കൊളറാഡോയിൽ പാസ്റ്ററായിരുന്ന പാരിസ് വാലസിന്റെ ദുർവിധിക്കു പിന്നിലെ കാരണവും കണ്ടെത്താനായിട്ടില്ല. നിധി തേടിപ്പോയ അദ്ദേഹത്തെ 2017 ജൂൺ 18നു സ്വന്തം കാറിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

നിധി തേടിപ്പോയ നാലംഗ സംഘത്തിന്റെ കഥയും ദുരൂഹമാണ്. ഏപ്രിൽ 16നായിരുന്നു കൊളറാഡോയിലേക്കുള്ള സംഘത്തിന്റെ യാത്ര. ജൂണ്‍ 28ന് ഒരു നദീയാത്രയ്ക്കിടയിൽ വഞ്ചി മുങ്ങി കൂട്ടത്തിൽപ്പെട്ട എറിക് ആഷിബൈയെന്നയാളെ കാണാതായി. കൂടെയുള്ളവർ തിരികെപ്പോയിട്ടും എറിക് എവിടെയാണെന്ന് ആരും പറഞ്ഞില്ല. ഒടുവിൽ മൂവർ സംഘത്തെ പൊലീസ് ചോദ്യം ചെയ്തതിനെത്തുടർന്നു നദിയിൽ നടത്തിയ തിരച്ചിലിൽ മുപ്പത്തിയൊന്നുകാരനായ എറിക്കിന്റെ മൃതദേഹം കണ്ടെത്തി. ജീർണിച്ച നിലയിലായിരുന്ന മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെയാണു തിരിച്ചറിഞ്ഞത്.

ഈ സാഹചര്യത്തിൽ നിധിവേട്ടയ്ക്ക് അവസാനം കുറിക്കാൻ ഇടപെടൽ നടത്തണമെന്നു ഫെന്നിനോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ഇക്കാര്യത്തിൽ വിമുഖത കാട്ടി. അതേസമയം ഒരുകാര്യത്തിൽ ഫെൻ വ്യക്തത വരുത്തി: ഭാരമുള്ള ഒരു നിധിപ്പെട്ടി എൺപതു വയസ്സുള്ള ഒരാൾക്കു പോലും കയറിച്ചെന്ന് ഒറ്റയ്ക്ക് എടുത്തുയർത്തി കൊണ്ടുവരാന്‍ സാധിക്കുംവിധം എളുപ്പമുള്ള സ്ഥലത്താണ് ഒളിപ്പിച്ചിരിക്കുന്നതെന്ന സൂചനയായിരുന്നു അത്. നിധി തേടിപ്പോയി കാണാതായവരെ തിരയുന്നതിനു വേണ്ടിയുള്ള ചെലവും പലപ്പോഴും ഫെൻ വഹിച്ചിരുന്നു. നിധി തേടിപ്പോകുമ്പോൾ സുരക്ഷ ഉറപ്പു വരുത്തണമെന്നു ഫെൻ ആവർത്തിക്കുന്നു.