Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണ, പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റം; നിയമസഭ പിരിഞ്ഞു

Niyamasabha Protest നിയമസഭയിലെ പ്രതിപക്ഷ ബഹളം.

തിരുവനന്തപുരം∙ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്നും നിയമസഭയിൽ പ്രതിപക്ഷ ബഹളം. ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേത്തുടർന്നു നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. ഇന്നലെയും സഭ ഇതേ വിഷയത്തിൽ നേരത്തേ പിരിഞ്ഞിരുന്നു. രാവിലെ ചോദ്യോത്തര വേളയുടെ സമയത്തു പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി. അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

Read in English - Shuhaib murder: opposition rocks Kerala Assembly on second day demanding CBI probe

രാവിലെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഡയസിലെത്തിയ ഉടനെ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെത്തുടർന്നു ചോദ്യോത്തരവേള നിർത്തിവച്ചു. പിന്നീടു റദ്ദാക്കി. സ്പീക്കറുടെ ചേംബറിനു മുന്നിൽ പ്രതിപക്ഷം ബാനർ നിവർത്തി. മുഖം മറയ്ക്കുന്ന തരത്തിൽ ബാനറുകൾ ഉയർത്തിയതിനെതിരെ സ്പീക്കർ പ്രതിഷേധം അറിയിച്ചു.

പ്രതിപക്ഷം മര്യാദ കാട്ടണമെന്നു സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. മണ്ണാർക്കാട്ട് യൂത്ത് ലീഗ് പ്രവർത്തകൻ സഫീർ കുത്തേറ്റുമരിച്ച സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടിസ് പ്രതിപക്ഷം നൽകിയെങ്കിലും അവതരണാനുമതി നിഷേധിച്ചു. മണ്ണാർക്കാട് എംഎൽഎ അഡ്വ. എം.ഷംസുദ്ദീൻ നൽകിയ അടിയന്തര പ്രമേയം പരിഗണിക്കാതിരുന്നതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

പ്രതിഷേധം രൂക്ഷമായതോടെ ധനവിനിയോഗ ബില്‍ ചർച്ച കൂടാതെ പാസാക്കി സഭ പിരിയുകയായിരുന്നു. ഇന്നലെയും സഭ ആരംഭിച്ച് 10 മിനിറ്റിനകം ബഹളം കാരണം നിർത്തിവച്ചിരുന്നു വീണ്ടും സഭ ചേർന്നെങ്കിലും നടപടികൾ വേഗത്തിലാക്കി പിരിഞ്ഞു. പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഇല്ലെന്നും പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സഭയിൽ വ്യക്തമാക്കി.

related stories