Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

515 കോടി രൂപയുടെ പുതിയ ബാങ്ക് തട്ടിപ്പ്; കാനറാ ബാങ്ക് പരാതി നൽ‌കി

Mideast Emirates Hyperloop

ന്യൂഡൽഹി ∙ മറ്റൊരു ബാങ്ക് തട്ടിപ്പിന്റെ പരാതിയുമായി കാനറാ ബാങ്ക് രംഗത്ത്. കൊൽക്കത്ത ആസ്ഥാനമായുള്ള ആർപി ഇൻഫോ സിസ്റ്റം എന്ന സ്ഥാപനവും അതിന്റെ ഡയറക്ടർമാരും ചേർന്ന് 515 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നു കാനറാ ബാങ്ക് സിബിഐയ്ക്കു പരാതി നൽകി. പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി തട്ടിപ്പ്), ബാങ്ക് ഓഫ് ബറോഡ (റോട്ടോമാക് കേസ്) എന്നിവയ്ക്കു പിന്നാലെയാണു പുതിയ ബാങ്ക് തട്ടിപ്പു വെളിച്ചത്തുവരുന്നത്.

പ്രഥമവിവര റിപ്പോർട്ട് അനുസരിച്ചു ഫെബ്രുവരി 26നു കാനറാ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ ഡി.വി.പ്രസാദ് റാവു മൊത്തം 515.15 കോടി രൂപയുടെ തട്ടിപ്പു സംബന്ധിച്ചാണു ആർപി ഇൻഫോ സിസ്റ്റത്തിനെതിരെ പരാതി നൽകിയിട്ടുള്ളത്. ഡയറക്ടർമാരായ ശിവജി പഞ്ജ, കൗസ്തവ് കൗസ്തുവ് റോയ്, വിനയ് ബഫ്ന, ഡെബ്നാഥ് പാൽ (വൈസ്പ്രസിഡന്റ് – ഫിനാൻസ്) എന്നിവർ ചേർന്നു കാനറാ ബാങ്കിനെയും മറ്റ് ഒൻപതു ബാങ്കുകളുടെ കൺസോർഷ്യത്തെയും കബളിപ്പിച്ചുവെന്നാണു പരാതി.

ബാങ്ക് ഉദ്യോഗസ്ഥരുമായി ചേർന്നു നടത്തിയ ഗൂഢാലോചനയെ തുടർന്നു വ്യാജരേഖകളും കത്തുകളും നൽകി ഇവർ പണം തട്ടിച്ചുവെന്നു പരാതിയിൽ പറയുന്നു. കൺസോർഷ്യത്തിലെ മറ്റു ബാങ്കുകൾ പരാതി നൽകാൻ കാനറാ ബാങ്കിനെ ചുമതലപ്പെടുത്തുകയായിരുന്നു. 2012 മുതൽ തട്ടിപ്പു നടത്തിവരികയായിരുന്നുവെന്നാണു സൂചന. ആർപി ഇൻഫോ സിസ്റ്റത്തിന്റെ ഡയറക്ടർമാരിലൊരാളായ ശിവജി പഞ്ജയ്ക്കെതിരെ നേരത്തേയും തട്ടിപ്പിനു കേസുകളുള്ളതാണ്.

മൊത്തം 10 ബാങ്കുകളുടെ കൺസോർഷ്യത്തിൽ കാനറാ ബാങ്ക് കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിർ ആൻഡ് ജയ്പുർ, യൂണിയൻബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ്, സെൻട്രൽബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, ഫെഡറൽബാങ്ക് എന്നിവയാണുള്ളത്.